REPORTER BREAKING: ക്ഷേമ പെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പിൻവലിച്ചു

പെൻഷൻ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്

തിരുവനന്തപുരം:  അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പെൻഷൻ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 18 ശതമാനം പലിശ സഹിതമാണ് പെൻഷൻ തുക തിരിച്ചടച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുമെന്നാണ് വിശദീകരണം. അതേ സമയം, പെൻഷൻ കൈപറ്റിയവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഉപേക്ഷിക്കില്ലെന്നും വകുപ്പ് സെക്രട്ടറി അറിയിച്ചു.

Also Read:

International
'പുടിനുമായി സംസാരിച്ചു'; റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള ചർച്ചകൾ ആരംഭിച്ചതായി ട്രംപ്

അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആളുകളിൽ നിന്ന് തുക പലിശ സഹിതം തിരിച്ചടപ്പിക്കും, അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും, അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും എന്നായിരുന്നു മുൻപ് സർക്കാർ തീരുമാനം.

വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. അനധികൃതമായി പെന്‍ഷന്‍ കൈപറ്റിയവരില്‍ കോളേജ് അധ്യാപകരും ഉള്‍പ്പെട്ടിരുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിയിരുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങിയിരുന്നു.

പൊതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായാണ് വിവരം. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

BMW കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നും കണ്ടെത്തിയിരുന്നു. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ ആഡംബര സൗകര്യങ്ങളുമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിനിടെ കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തിരുന്നു.

content highlight- Reporter Breaking: Action taken against government employees in welfare pension fraud withdrawn

To advertise here,contact us