ആനയിടഞ്ഞുണ്ടായ അപകടം; നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. കൂടുതൽ കാര്യങ്ങൾ വനം മന്ത്രി പറയുമെന്ന് ആർ കീർത്തി പറഞ്ഞു. എഡിഎമ്മും വനം വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ വനം മന്ത്രി പറയുമെന്നും വീഴ്ചയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ലംഘനം നടന്നിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

എന്നാല്‍ പടക്കം പൊട്ടിച്ചതില്‍ ക്ഷേത്രത്തിന് പങ്കില്ല. ജനങ്ങളാണ് പടക്കം പൊട്ടിക്കുന്നതെന്നും ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ഷെനീത് എല്‍ ജി പറഞ്ഞു. ക്ഷേത്ര കോമ്പൗണ്ടിനകത്ത് പടക്കം പൊട്ടിച്ചിട്ടില്ല. ആചാരമായാണ് കതിന പൊട്ടിച്ചത്. ഒരു ചട്ടലംഘനവും ഉണ്ടായിട്ടില്ല. കേസെടുത്താല്‍ നിയമപരമായി നേരിടും. കേസെടുക്കേണ്ട കാര്യമില്ലെന്നും ചെയര്‍മാന്‍ പ്രതികരിച്ചു.

Also Read:

Kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; 529.50 കോടി പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. അപകടത്തില്‍ ആളുകള്‍ മരിച്ചതില്‍ ദുഃഖസൂചകമായി നഗരസഭയിലെ 11 വാര്‍ഡുകളില്‍ ആചരിക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ ബാധകമാവുക. കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.

Content Highlights: koyilandi temple elephant incident forest conservator submit report

To advertise here,contact us