ജാമ്യമില്ലാ കേസ്; ആലപ്പുഴ പൊലീസിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി എച്ച് സലാം എംഎൽഎ

എച്ച് സലാം എംഎൽഎ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് റിസോർട്ട് ഉടമയെ സഹായിച്ചുവെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‍ർ നാസറും പ്രതികരിച്ചത്

ആലപ്പുഴ: ജാമ്യമില്ലാ കേസിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി എച്ച് സലാം എംഎൽഎ. ആലപ്പുഴ പൊലീസിനെതിരെയാണ് എംഎഎൽ പരാതി നൽകിയത്. എംഎൽഎ എന്ന പരി​ഗണന നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

പൊലീസ് നടപടി ശരിയല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആ‍ർ നാസറും പറഞ്ഞിരുന്നു. പോലിസ് തെറ്റായ രീതിയിലാണ് കേസെടുത്തത്. സാധാരണക്കാരന് വേണ്ടിയാണ് എംഎൽഎ നിന്നത്. എച്ച് സലാം എംഎൽഎ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് റിസോർട്ട് ഉടമയെ സഹായിച്ചുവെന്നും ആ‍ർ നാസർ പറഞ്ഞിരുന്നു.

Also Read:

International
അമേരിക്കയുടെ ജനപ്രിയ വിസ്‌കിക്ക് ഇന്ത്യയുടെ ചീയേഴ്‌സ്; തീരുവ കുറച്ചു,നീക്കം മോദി-ട്രംപ് കൂടികാഴ്ചയ്ക്ക് മുൻപ്

ആലപ്പുഴ പൊലീസ് റിസോർട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്നും പൊലീസ് നടപടിയിൽ അസ്വഭാവികതയുണ്ടെന്നും എച്ച് സലാം എംഎൽഎ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെയെന്നും മുൻകൂർ ജാമ്യമെടുക്കില്ലെന്നും എച്ച് സലാം വ്യക്തമാക്കിയിരുന്നു.

'എന്നോട് ഒരു റിപ്പോർട്ട് പോലും ചോദിക്കാതെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തിയത്. പൊതുമരാമത്ത് എഞ്ചിനീയർക്കെതിരെ കേസെടുത്ത രീതി അസാധാരണം. സാധാരണക്കാർക്ക് വേണ്ടി നിന്നതിൽ അഭിമാനമുണ്ട്. ആലപ്പുഴ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും. പൊലീസിന്റെ നടപടി സർക്കാർ നയത്തിന് വിരുദ്ധമാണ്', എന്നായിരുന്നു എച്ച് സലാമിൻ്റെ പ്രതികരണം.

സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ചതിനാണ് എച്ച് സലാം എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പൊതുവഴി വീതികൂട്ടുന്നതിന് നോട്ടീസ് നൽകിയിട്ടും പൊളിക്കാതിരുന്ന പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോർട്ടിന്റെ മതിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ പൊളിച്ചത്. തുടർന്ന് എച്ച് സലാമിനെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം നാലുപേർക്കെതിരെ സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

ഡിസംബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ റിസോർട്ടിൻ്റെ മതിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ പൊളിച്ചുവെന്നാണ് പരാതി. എ സി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡ് ബലപ്പെടുത്താനും വീതി കൂട്ടാനുമായി മതിൽ പൊളിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് പലതവണ നിർദേശം നൽകിയിരുന്നു. എന്നാൽ അത് പാലിക്കാതെ വന്നതോടെയാണ് മതിൽ പൊളിക്കേണ്ടിവന്നതെന്നാണ് സലാം പറയുന്നത്.

Content Highlights: H Salam MLA filed a complaint against the Alappuzha police to the state police chief

To advertise here,contact us