മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍?; വയനാട് പുനരധിവാസത്തില്‍ ഹൈക്കോടതി

നിബന്ധന കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പുനരധിവാസത്തിന്റെ ഭാഗമായുള്ള 16 പദ്ധതികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സമയക്രമം മനസില്‍ സൂക്ഷിച്ചുവേണം പുനരധിവാസവുമായി മുന്നോട്ട് പോകാന്‍. സമയക്രമമില്ലെങ്കില്‍ എങ്ങനെ പുനരധിവാസത്തിന് കേന്ദ്ര സഹായം തേടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. സമയക്രമമില്ലെങ്കില്‍ പദ്ധതി അവതാളത്തിലാകുമെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

Also Read:

Kerala
എസ്എഫ്ഐക്ക് പുതിയ നേതൃത്വം; പി എസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് സംസ്ഥാന പ്രസിഡന്റ്

പുനരധിവാസ പദ്ധതി മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനോടുള്ള ചോദ്യം. നിബന്ധന കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. വയനാട്ടില്‍ കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. മാര്‍ച്ച് 31നകം പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര നിബന്ധന. നിബന്ധനയില്‍ എതിര്‍പ്പറിയിച്ച് കേന്ദ്രത്തിന് കത്തയച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് നിബന്ധന വയ്ക്കാനാവില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. കേന്ദ്രം നല്‍കിയ വായ്പ സമയ പരിധിക്കുള്ളില്‍ വിനിയോഗിക്കുക എന്നത് അപ്രായോഗികമാണ് എന്നുമാണ് സര്‍ക്കാരിന്റെ മറുപടി.

ദുരന്ത ബാധിത പ്രദേശത്തുനിന്ന് മഴക്കാലത്തിന് മുന്‍പ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന് അമികസ് ക്യൂറി ഹൈക്കോടതിയില്‍ അറിയിച്ചു. ദുരന്ത ശേഷമുള്ള അവശിഷ്ടങ്ങള്‍ എത്രയുണ്ടെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരിച്ചു. വീണ്ടെടുക്കാനാവുന്നതും പുനരുപയോഗിക്കാനാവുന്നതുമായ വസ്തുക്കള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുവെന്നും കെഎസ്ഡിഎംഎ മറുപടി നല്‍കി. അവശിഷ്ട നീക്കം മഴക്കാലത്തിന് മുന്‍പ് പൂര്‍ത്തിയാക്കുന്നതില്‍ കെഎസ്ഡിഎംഎ സമയക്രമം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി മാര്‍ച്ച് മൂന്നിന് വീണ്ടും പരിഗണിക്കും.

Content Highlights- Highcourt of kerala slam central and state governments on mundakai chooralmala rehabitation

To advertise here,contact us