ടി പി ശ്രീനിവാസനെ മർദിക്കേണ്ടിയിരുന്നില്ല; വിഷയം അന്ന് തന്നെ എസ്എഫ്ഐ തള്ളിയിരുന്നു: വി പി സാനു

ടിപി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്ന പരാമർശവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രം​ഗത്തെത്തിയിരുന്നു

തിരുവനന്തപുരം: മുൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ അധ്യക്ഷൻ ടി പി ശ്രീനിവാസനെ മർദിച്ച സംഭവത്തെ തള്ളി പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ വി പി സാനു. പാർട്ടി നേതാവ് ടി പി ശ്രീനിവാസനെ പൊതുമധ്യത്തിൽ മുഖത്തടിച്ച സംഭവത്തെ അന്ന് തന്നെ എസ്എഫ്ഐ തള്ളിപ്പറഞ്ഞിരുന്നു. മർദ​നത്തിന് കാരണം സമരമായിരുന്നില്ല. ടി പി ശ്രീനിവാസന്‍ എസ്എഫ്ഐയെ ചീത്തവിളിച്ചുവെന്നും അത് കേട്ട് നിൽക്കാനുള്ള സഹിഷ്ണുത എപ്പോഴും ഉണ്ടാവണമെന്നില്ലെന്നും വി പി സാനു പറഞ്ഞു.

നേരത്തേ ടിപി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്ന പരാമർശവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രം​ഗത്തെത്തിയിരുന്നു. തെറിവിളിച്ചതു കൊണ്ടാണ് തല്ലിയത്. ചെകിടത്ത് അടിക്കണം എന്ന് വച്ച് പോയതല്ല എസ്എഫ്ഐ. മാപ്പ് പറയേണ്ടതില്ലെന്നും എസ്എഫ്ഐയെ ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനം നിർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആർഷോയെ തള്ളിയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ്റെ പ്രതികരണം. ആരെയും തല്ലുന്നതിനോട് യോജിപ്പില്ലെന്നും ഇത്തരം പ്രവർത്തികൾ പാടില്ലെന്നുമായിരുന്നു എംവി ​ഗോവിന്ദൻ പറഞ്ഞത്.

Also Read:

Kerala
കേരളത്തിനായി മൂന്ന് ലക്ഷം കോടിയുടെ 31 പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

2016ലായിരുന്നു ടി പി ശ്രീനിവാസന് നേരെ എസ്എഫ്ഐ നേതാവ് മർദിക്കുന്നത്. കേരളത്തിലേക്ക് സ്വകാര്യ സർവകലാശാലകളെ സ്വാഗതംചെയ്യാൻ ചർച്ച നയിച്ചു എന്നതായിരുന്നു അന്ന് മർദനത്തിന് കാരണം. കോവളത്തുനടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് മർദിച്ചത്. എസ്എഫ്ഐ ജില്ലാ വൈസ്‌പ്രസിഡന്റും വിളപ്പിൽ ഏരിയാ പ്രസിഡന്റുമായിരുന്ന ശരത് ആയിരുന്നു മർദനത്തിന് പിന്നിൽ. ടി പി ശ്രീനിവാസന്റെ മുഖത്ത് ശരത് അടിക്കുന്നതും അടിയേറ്റ് അദ്ദേഹം നിലത്തുവീഴുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങൾ അന്ന് വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ശരത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയും എസ്എഫ്ഐ.യുടെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റുകയും ചെയ്തിരുന്നു.

Content Highlight: VP Sanu says SFI leader shouldn't have attacked TP Srinivasan, slams Arsho

To advertise here,contact us