'സൗഹൃദ സന്ദര്‍ശനം'; അന്‍വറിനൊപ്പം പാണക്കാട്ടെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍

രാജിവെച്ച ശേഷം അന്‍വര്‍ രണ്ടാം തവണയാണ് പാണക്കാടെത്തുന്നത്

തിരൂര്‍: പി വി അന്‍വറിനൊപ്പം പാണക്കാടെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. എംപിമാരായ മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാന്‍ എന്നിവരാണ് മുന്‍ എംഎല്‍എക്കൊപ്പം പാണക്കാട്ടെത്തിയത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് നേതാക്കള്‍ പാണക്കാടെത്തിയത്. അന്‍വര്‍ രാജിവെച്ച ഒഴിവില്‍ നിലമ്പൂര്‍ നിയമസഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യം കൂടി മുന്നിലുണ്ട്.

രാജിവെച്ച ശേഷം അന്‍വര്‍ രണ്ടാം തവണയാണ് പാണക്കാടെത്തുന്നത്. എന്നാല്‍ സൗഹൃദകൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് സാദിഖലി തങ്ങളും പി വി അന്‍വറും പ്രതികരിച്ചു.

'ഞായറാഴ്ച മഞ്ചേരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര വനനിയമ ഭേദഗതി സംബന്ധിച്ചാണ് സെമിനാര്‍. അതിന് വേണ്ടിയാണ് നേതാക്കള്‍ വന്നത്. ഉച്ചയ്ക്ക് ലീഡേഴ്‌സ് മീറ്റും നടക്കുന്നുണ്ട്. പാണക്കാട്ടെത്തിയത് സൗഹൃദത്തിന്റെ പേരില്‍ ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള സൗഹൃദപരമായ ചര്‍ച്ചയാണ് നടന്നത്', അന്‍വര്‍ പ്രതികരിച്ചു.

Also Read:

Kerala
ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും; കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കും

'കേരളത്തില്‍ പാര്‍ട്ടി പരിപാടികള്‍ക്ക് വന്നതാണ്. മലപ്പുറത്ത് വന്നപ്പോള്‍ പാണക്കാട് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. രാഷ്ട്രീയ പ്രധാന്യമുള്ള കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. സൗഹൃദസംഭാഷണം മാത്രമാണ്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി യുഡിഎഫ് നമുക്കൊപ്പം തന്നെയാണ്. മറ്റുകാര്യങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും', സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ മാസം 27 നാണ് യുഡിഎഫ് യോഗം ചേരുന്നത്.

Content Highlights: mahua moitra and derek o'brien visit Panakkad Home Malappuram

To advertise here,contact us