പി സി ജോര്‍ജ് ഇന്ന് സ്റ്റേഷനില്‍ ഹാജരാകില്ല; ആരോഗ്യപ്രശ്‌നം ചൂണ്ടികാട്ടി സാവകാശം തേടി

ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി ഈരാറ്റുപേട്ട പൊലീസ് ഇന്ന് രണ്ടുതവണ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയിരുന്നു

കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തിലെ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ല. തിങ്കളാഴ്ച ഹാജാരാകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ അറിയിച്ചു. ഫോണ്‍ വഴിയാണ് അറിയിച്ചത്. തിങ്കളാഴ്ച ഹാജരാകേണ്ട സമയം ആവശ്യപ്പെട്ട് പൊലീസിന് അപേക്ഷ നല്‍കും.

പൊലീസ് പി സി ജോര്‍ജിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയത്. ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി ഈരാറ്റുപേട്ട പൊലീസ് ഇന്ന് രണ്ടുതവണ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയിരുന്നു. പി സി ജോര്‍ജ് വീട്ടില്‍ ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.

പി സി ജോര്‍ജ് തിരുവനന്തപുരത്താണെന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. അതിനിടെ പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

Also Read:

Kerala
കിഫ്ബിയെ സംരക്ഷിക്കണമെന്നാണ് എൽഡിഎഫ് നിലപാട്; ടോൾ പിരിവ് തള്ളാതെ ടി പി രാമകൃഷ്ണൻ

പി സി ജോര്‍ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Content Highlights: P C George Will Not Present Police Station Today

To advertise here,contact us