'കൊട്ടാര വിദൂഷകന്മാരുടെ സ്തുതി ഗീതങ്ങൾ മാത്രം പിണറായി കേൾക്കുന്നു;കടക്ക് പുറത്ത് പറയുന്ന പാർട്ടിയല്ല കോൺഗ്രസ്'

മാര്‍ക്‌സിസ്റ്റ് അണികള്‍ പോലും തുടര്‍ഭരണം ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍

പത്തനംതിട്ട: അഭിപ്രായ വ്യത്യാസം പറയുന്നവരെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയിലുണ്ടാകുമെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അഭിപ്രായമാണെങ്കില്‍ അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും വിമര്‍ശിക്കുന്നവരെ 51 വെട്ട് വെട്ടുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

'കോണ്‍ഗ്രസ് പാര്‍ട്ടി വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൗന്ദര്യവും അതാണ്. പ്രവര്‍ത്തകര്‍ക്ക് വിമര്‍ശിക്കാം. വിമര്‍ശിക്കുന്നവരെ കടക്കൂ പുറത്ത് എന്ന് പറയുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്. വിമര്‍ശിക്കുന്നവരെ 51 വെട്ട് വെട്ടുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും അതെല്ലാം പരിഹരിക്കും. ലക്ഷ്യം പിഴയ്ക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. അഭിപ്രായവ്യത്യാസം പറയുന്നവരെ കൈകാര്യം ചെയ്യുന്ന രീതി കോണ്‍ഗ്രസിന് ഇല്ല. അവരെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകും. കോണ്‍ഗ്രസിന്റെ സംഘടനാ ശൈലിയില്‍ മാറ്റം വരുത്തിയേ പറ്റൂ', അദ്ദേഹം പറഞ്ഞു.

Also Read:

Kerala
പ്രതിഷേധം സ്വാഭാവികം; ആറളം ഫാമിന്റെ സവിശേഷത മനസിലാക്കി ജനം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കോണ്‍ഗ്രസ് തീര്‍ന്ന് പോകുമെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ചിലര്‍ പറഞ്ഞെന്നും ആരെങ്കിലും പറഞ്ഞാല്‍ അങ്ങനെ ഇല്ലാതാകുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ വരില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇനി ഒരു സുനാമി കൂടി സഹിക്കാനുള്ള ശേഷി കേരളത്തിന് ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. കൊട്ടാര വിദൂഷകന്മാരുടെ സ്തുതി ഗീതങ്ങള്‍ മാത്രം പിണറായി കേള്‍ക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു. കൊട്ടാരത്തിലെ വിദൂഷകനെപ്പോലെ പിണറായി ഭരണം മൂന്നാംവട്ടമെന്ന് പറഞ്ഞാണ് രാജഭക്തര്‍ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അണികള്‍ പോലും തുടര്‍ഭരണം ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഭരണത്തിനെതിരെയും കെ സി വേണുഗോപാല്‍ ആഞ്ഞടിച്ചു. മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് നോക്കുന്നില്ലെന്നും രാജ്യത്തിന്റെ അന്തസ്സ് കെടുത്തിയ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കടല്‍ വില്‍ക്കാനുള്ള ഗൂഡാലോചന നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read:

Kerala
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു

ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കാന്‍ ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'ആരുടെ ശമ്പളമാണ് വര്‍ധിപ്പിക്കേണ്ടത് എന്നതിന് ഒരു മുന്‍ഗണന സര്‍ക്കാരിന് വേണം. ഇപ്പോള്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും സര്‍ക്കാര്‍ പിടിച്ചുവയ്ക്കും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം പ്രഖ്യാപനം നടത്തും. ഒരു പ്രാവശ്യം മാത്രം ചക്ക വീണാല്‍ മുയല്‍ ചാകും, എല്ലാ പ്രാവശ്യവും നടക്കില്ല. കേരളത്തില്‍ നിക്ഷേപം വരണം. സാധാരണക്കാര്‍ക്ക് എന്ത് പദ്ധതിയാണ് പിണറായി കൊണ്ടുവന്നത്. നിക്ഷേപ സംഗമം കുറെ അദാനിമാരില്‍ നിന്നും പണം തട്ടാനുള്ള മാര്‍ഗമായി കാണരുത്. സഖാവ് പിണറായിയുടെ കോര്‍പ്പറേറ്റ് മനസ്സിനെ മാറ്റിയെടുക്കണം. സഖാക്കള്‍ അതിനായി ശ്രമിക്കണം', അദ്ദേഹം പറഞ്ഞു.

Content Highlights: K C Venugopal against LDF Government

To advertise here,contact us