തിരുവനന്തപുരം: പൊലീസ് സേനയിലെ നിയമനത്തിനായി നടത്തിയ കായികക്ഷമത പരീക്ഷ സുതാര്യമായിരുന്നില്ലെന്ന് ബോഡി ബിൽഡറായ ഷിനു ചൊവ്വ. ഉദ്യോഗസ്ഥർ മനപൂർവ്വം തന്നെ പരാജയപ്പെടുത്തിയതാണ്. വൈരാഗ്യ ബുദ്ധിയോടെയാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. സുതാര്യമായ രീതിയിൽ പരീക്ഷ നടത്തണമെന്നും ഷിനു ചൊവ്വ റിപ്പോർട്ടറിനോട് പറഞ്ഞു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ടെന്നും ഷിനു ചൊവ്വ പറഞ്ഞു. എട്ട് ഐറ്റത്തിൽ ഏഴ് എണ്ണത്തിൽ താൻ പങ്കെടുത്തിരുന്നു. അതിൽ അഞ്ചെണ്ണത്തിൽ വിജയിച്ചു. പരീക്ഷക്കിടയിൽ പരിക്ക് പറ്റിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞ് നോക്കിയില്ലെന്നും ഷിനു ചൊവ്വ കൂട്ടിച്ചേർത്തു.
പേരൂര്ക്കട എസ്എപി ഗ്രൗണ്ടില് നടന്ന പരീക്ഷയില് 100 മീറ്റര് ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര് ഓട്ടം എന്നീ ഇനങ്ങളില് ഷിനുവിനു യോഗ്യത നേടാന് കഴിഞ്ഞിരുന്നില്ല. ഷിനുവിനെ കൂടാതെ ബോഡി ബിൽഡറായ കൊച്ചി സ്വദേശി ചിത്തരേഷ് നടേശനും കായികക്ഷമത പരീക്ഷയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ചിത്തരേഷ് എത്തിയിരുന്നില്ല.
ഷിനു ചൊവ്വക്കും ചിത്തരേഷ് നടേശനും ജോലി നൽകാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതോടനുബന്ധിച്ച് എം ആർ അജിത് കുമാറിനെ പൊലീസിന്റെ സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. പകരം എസ് ശ്രീജിത്തിന് ചുമതല നൽകി.
സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്. നേരത്തെ രണ്ട് ബോഡി ബിൽഡർ താരങ്ങളെ പൊലീസ് ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിൽ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും ചെയ്തു. കത്തിൽ മാനദണ്ഡങ്ങളിൽ ഇളവു വരുത്തികൊണ്ട് നിയമനം നടത്തണമെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായി. ഇതിന് പിന്നാലെ എം ആർ അജിത് കുമാറിനെ മാറ്റുകയായിരുന്നു.
Content Highlights: Officials were Deliberately Defeated me Says by Body Builder shinu chovva