അന്ന് ഗോഡ്‌സെയെ പ്രകീർത്തിച്ചു കൊണ്ട് ഫേസ്ബുക്ക് കമന്റ്;ഇന്ന് എൻഐടി പ്രൊഫസർ ഷൈജയ്ക്ക് 'ഡീൻ' ആയി സ്ഥാനക്കയറ്റം

പ്രൊഫസർ പ്രിയാചന്ദ്രന്റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്

കോഴിക്കോട് : ഗാന്ധി രക്തസാക്ഷിദിനത്തിൽ ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ട് ഫേസ്ബുക്കിൽ കമൻ്റിട്ട കാലിക്കറ്റ്‌ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെ ഡീൻ ആയി നിയമിച്ച് ഉത്തരവ്. 2024-ലാണ് ഷൈജ ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. കേസിൽ ഷൈജയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. 2025 ഏപ്രിൽ ഏഴാംതീയതി മുതൽ ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കും.

പ്രാരംഭ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊഫസർ പ്രിയാചന്ദ്രന്റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷൈജ ആണ്ടവൻ കമന്റ് ചെയ്തത്. "ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ" എന്ന കുറിപ്പോടെ ഗോഡ്‌സെയുടെ ചിത്രം ജനുവരി 30 ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് താഴെയാണ് 'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനമാണ്' എന്ന് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്യുന്നത്.

content highlights : Facebook comment praising Godse; NIT Professor Shaija promoted as 'Dean

To advertise here,contact us