കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം

ഭാസുരാംഗന്‍ ശരിയായ രാഷ്ട്രീയത്തിന്റെ പക്ഷത്തായിരുന്നുവെന്നും എന്നാല്‍ കേസിന്റെ കാര്യത്തില്‍ വെറുതെ വിടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു എന്‍ ഭാസുരാംഗന്റെ പ്രധാന വാദം. കുറ്റകൃത്യം നടത്തി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശമില്ല. സഹകരണ വകുപ്പിന് കീഴില്‍ നിയമാനുസൃതമാണ് വായ്പകള്‍ നല്‍കിയത്. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കുറ്റകൃത്യം വഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിന് തെളിവില്ല. സാമ്പത്തിക തട്ടിപ്പ് നടത്തണമെന്നതിന് കുറ്റകരമായ ഉദ്ദേശമുണ്ടായിരുന്നില്ല. സിവില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന സാമ്പത്തിക തര്‍ക്കം മാത്രമാണിത്. ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നുമായിരുന്നു എന്‍ ഭാസുരാംഗന്റെ അഭിഭാഷകരുടെ വാദം.

സാമ്പത്തിക തട്ടിപ്പിന് എന്‍ ഭാസുരാംഗനെതിരെ തെളിവുകളുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. അനിയന്ത്രിത നിക്ഷേപ നിരോധന നിയമത്തിന്റെ ലംഘനമാണ് എന്‍ ഭാസുരാംഗനെതിരായ കുറ്റകൃത്യം. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് എന്‍ ഭാസുരാംഗന്റെ നേതൃത്വത്തില്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ആയിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. കേസില്‍ എന്‍ ഭാസുരാംഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളി. തുടര്‍ന്നാണ് എന്‍ ഭാസുരാംഗന്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചതും മുന്‍കൂര്‍ ജാമ്യം നേടിയതും. സംസ്ഥാന സര്‍ക്കാരിനായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പിവി ദിനേശ്, സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊണ്‍കര്‍ എന്നിവരും പരാതിക്കാർക്ക് വേണ്ടി ശ്രീരാം പറക്കാട്ടും ഹാജരായി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന മിക്ക കേസുകളും പിഴച്ചതാണെന്നും എന്നാല്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ശക്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അവകാശപ്പെട്ടു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ശക്തമാണെന്നും സര്‍ക്കാർ നിലപാടെടുത്തു.

Also Read:

Kerala
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 17 സീറ്റോടെ എൽഡിഎഫിന് നേട്ടം; യുഡിഎഫിന് 12, സീറ്റില്ലാതെ ബിജെപി

ഭാസുരാംഗന്‍ അന്വേഷണവുമായി സഹകരിക്കണം. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അതേസമയം ഭാസുരാംഗന്‍ ശരിയായ രാഷ്ട്രീയത്തിന്റെ പക്ഷത്തായിരുന്നുവെന്നും എന്നാല്‍ കേസിന്റെ കാര്യത്തില്‍ അദ്ദേഹത്തെ വെറുതെ വിടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

Content Highlights: Kandala Bank Scam bhasurangan Get Bail From Supreme Court

To advertise here,contact us