ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി

എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡൻ്റ് പദവി നഷ്ടം

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്.

അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അം​ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. കഴിഞ്ഞ ദിവസം നുസൈബ സുധീറിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രം​ഗത്തെത്തിയിരുന്നു. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു. തൃണമൂൽ കോൺ​ഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാ​ര്യയാണ് നുസൈബ. പി വി അൻവറിൻ്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

നിലവിൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിനായിരുന്നു. ചുങ്കത്തറ പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണികൾക്കും പത്ത് വീതം അം​ഗങ്ങളാണുള്ളത്. അതിനാൽ തന്നെ നുസൈബയുടെ നിലപാടാണ് യുഡിഎഫിൻ്റെ അവിശ്വാസം പാസാകുന്നതിൽ നിർണായകമായത്.

അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുമുണ്ടായിരുന്നു. ഇതിനിടെ പി വി അൻവർ എംഎൽഎയെ എൽഡിഎഫ് പ്രവർത്തകർ കടയിൽ പൂട്ടിയിട്ടു. പിന്നീട് ആര്യാടൻ ഷൗക്കത്തും ഉൾപ്പെടെയുളളവർ എത്തി ഷട്ടർ‌ തുറന്നുകൊടുക്കുകയായിരുന്നു.

Also Read:

Kerala
ശ്രീവരാഹത്ത് വിജയിച്ച സ്ഥാനാർത്ഥിയുടെ പേരിൽ രണ്ട് അപരന്മാര്‍; ബിജെപിയെ പരാജയപ്പെടുത്തി സിപിഐ

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചുങ്കത്തറയിൽ യുഡിഎഫിനും എൽഡിഎഫിനും 10 വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. കക്ഷിനില തുല്യമായതിനെ തുടർന്ന് യുഡിഎഫിലെ വത്സല സെബാസ്റ്റ്യൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ പ്രസി‍ഡന്റ് തന്നിഷ്ടത്തോടെ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ച് 14-ാം വാർഡിൽ നിന്നും ലീ​ഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച നജ്മുന്നീസ ഇടതുപക്ഷത്തിനൊപ്പം ചേർന്നതോടെ അവിശ്വാസത്തിലൂടെ യുഡിഎഫ് പ്രസിഡൻ്റ് പുറത്താകുകയായിരുന്നു. പിന്നീട് ഇടതുപക്ഷത്തിൻ്റെ സ്ഥാനാ‍ർത്ഥിയായ നജ്മുന്നീസ ഒൻപതിനെതിരെ11 വോട്ടുകൾക്ക് യുഡിഎഫിൻ്റെ നിഷിദ മുഹമ്മദലിയെ പരാജയപ്പെടുത്തി പ്രസിഡൻ്റായിരുന്നു.

Also Read:

Kerala
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 17 സീറ്റോടെ എൽഡിഎഫിന് നേട്ടം; യുഡിഎഫിന് 12, സീറ്റില്ലാതെ ബിജെപി

എന്നാൽ യുഡിഎഫ് പരാതിയെ തുടർന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു വർഷത്തിന് ശേഷം നജ്മുന്നീസയെ അയോ​ഗ്യയാക്കി. ഇതോടെ യുഡിഎഫിൻ്റെ കക്ഷി നില ഒൻപത് ആകുകയും നജ്മുന്നീസയ്ക്ക് പകരം 10 അം​ഗങ്ങളുള്ള എൽഡിഎഫിലെ റീന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 14-ാം വാർഡിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ ഇരുമുന്നണികളുടെയും കക്ഷിനില വീണ്ടും തുല്യമായി. 14-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി മൈമൂന 110 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കക്ഷിനില തുല്യമായെങ്കിലും പ്രസിഡൻ്റ് സ്ഥാനത്ത് ഇടതുമുന്നണി ജനപ്രതിനിധി തുടരുകയായിരുന്നു.

Content Highlights: UDF's no confidence motion passed in chungathara panchayath

To advertise here,contact us