ഞാൻ എന്തുപറഞ്ഞാലും എതിർക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ആളുണ്ട്; കമ്മ്യൂണിസ്റ്റുകാർ പഴഞ്ചന്മാർ; വിമർശിച്ച് തരൂർ

പാർട്ടിയെ നോക്കി മാത്രം ആളുകളുടെ വോട്ട് കിട്ടുമെന്ന് കരുതിയാൽ കോൺഗ്രസിന് വീണ്ടും പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടിവരുമെന്നും തരൂർ വിമർശിക്കുന്നു

കൊച്ചി: കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചതെന്നും ആരെയും ഭയമില്ലെന്നും ഡോ. ശശി തരൂർ എംപി. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യമെന്നും ഇന്ന് പുറത്തുവന്ന വിവാദ പോഡ് കാസ്റ്റിന്റെ പൂർണരൂപത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.

രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം.കോൺഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് താൻ. എന്തുപറഞ്ഞാലും എതിർക്കാനും വിമർശിക്കാനും സ്വന്തം പാർട്ടിക്കുള്ളിൽതന്നെ ആളുകളുണ്ട്. അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസ് പാർട്ടിക്ക് ഐക്യം നല്ലതാണ്. പാർട്ടിയെ നോക്കി മാത്രം ആളുകളുടെ വോട്ട് കിട്ടുമെന്ന് കരുതിയാൽ കോൺഗ്രസിന് വീണ്ടും പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടിവരുമെന്നും തരൂർ വിമർശിക്കുന്നു.

കമ്മ്യൂണിസ്റ്റുകാർ എല്ലാക്കാര്യത്തിലും പഴഞ്ചന്മാരാണെന്നും 10-15 വർഷം പിന്നിലാണ് അവരെന്നും തരൂർ ആരോപിച്ചു. സ്വകാര്യ യൂണിവേഴ്സിറ്റി എന്ന ആശയത്തെ ആദ്യം അവർ എതിർത്തിരുന്നു.

ഇപ്പോൾ അനുകൂലിക്കുന്നുവെന്നും തരൂർ പറഞ്ഞു. രാജ്യ താത്പര്യത്തിന് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്. കേരളത്തിന്റെ വിഷയങ്ങളിൽ വ്യാപൃതനാവണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വന്തം പാർട്ടിക്കാരുടെ വോട്ടുകൊണ്ട്മാത്രം ജയിക്കാനാവില്ല.ആളുകളുടെ മനസിൽ താനുണ്ടെന്നും പബ്ലിക് ഒപീനിയൻ പോൾസ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ പറയുന്നു.

Also Read:

Kerala
ആശാ വർക്കർമാരുടെ സമരം ഇന്ന് പതിനേഴാം ദിവസം; ഓണറേറിയം വർധനയിൽ തീരുമാനമാകും വരെ സമരമെന്ന് പ്രതിഷേധക്കാർ

ബിജെപി തന്റെ 'ഓപ്ഷനല്ല'. ബിജെപിയിൽ ചേരുന്നത് മനസിലേയില്ലെന്ന് പറഞ്ഞ തരൂർ താൻ കോൺഗ്രസുകാരനാണെന്നും ഉറപ്പിക്കുന്നു. ഉള്ളിൽ ജനാധിപത്യമുണ്ടെന്ന് അറിയിക്കാനാണ് പാർട്ടിക്കുള്ളിൽ മത്സരിച്ചത്. ഇൻഡ്യ സഖ്യത്തിന്റെ വില ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഉണ്ടാവുക. അല്ലാത്ത ഘട്ടത്തിൽ വിലയില്ല. കാരണം എല്ലായിടത്തും ഇൻഡ്യ സഖ്യത്തിന്റെ എതിരാളി ബിജെപി അല്ലെന്നും ശശി തരൂർ പറയുന്നു.

വിവേകാനന്ദ ഭക്തനാണ് താൻ. ഹിന്ദുമതത്തെ മറ്റ് മതവിശ്വാസങ്ങൾക്കെതിരെ ഉപയോഗിക്കുന്നത് അസ്വീകാര്യമാണ്. ഭരണഘടന മാറ്റി ഹിന്ദുരാഷ്ട്രം രൂപീകരിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

കേരള സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദര്‍ശനത്തെ പ്രശംസിച്ചതും വിവാദമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുള്ള പോഡ്കാസ്റ്റിലെ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ തരൂരിനെതിരെ സംസ്ഥാന നേതൃത്വം ഒന്നാകെ നിലപാട് എടുത്തിരുന്നു.

Content Highlights: Full details on Shashi Tharoor's controversial podcast

To advertise here,contact us