പുനഃസംഘടന ഉടൻ വേണമെന്ന് ദീപാ ദാസ് മുൻഷി; നാളെ ഡൽഹിയിൽ നടക്കുന്ന യോ​ഗത്തിൽ കെ സി വേണു​ഗോപാൽ പങ്കെടുക്കില്ല

സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളിൽ കെ സി വേണു​ഗോപാൽ അമിതമായി ഇടപെടുന്നുവെന്ന ആരോപണം ഉയർന്നിരുന്നു

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈക്കമാൻഡിന് കൈമാറി. കെപിസിസിയിൽ പുനഃസംഘടന ഉടൻ വേണമെന്ന് ദീപ ദാസ് മുൻഷി റിപ്പോർട്ടിൽ സൂചിപ്പിച്ചതായാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്.

അതേസമയം കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് വിവരം. പുനഃസംഘടനയിൽ ഉയർന്നുവന്നിട്ടുളള എതിർപ്പുകൾ ഹൈക്കമാൻഡ് പരിഗണിച്ചേക്കില്ല.

എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ മാറും.

നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കളെ കാര്യങ്ങൾ ബോധിപ്പിക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയും കേരളത്തിൽ നിന്നുളള പ്രധാന നേതാക്കളെ നാളെ പ്രത്യേകം കാണുമെന്നും റിപ്പോർട്ടുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം.

Also Read:

National
പുതിയ കെപിസിസി അധ്യക്ഷൻ മാർച്ച് ആദ്യവാരത്തോടെ; പുനഃസംഘടനയിൽ ഉറച്ച് ഹെെക്കമാൻഡ്

എന്നാൽ നാളെ നടക്കുന്ന യോ​ഗത്തിൽ കെ സി വേണു​ഗോപാൽ പങ്കെടുത്തേക്കില്ല. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളിൽ സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണു​ഗോപാൽ അമിതമായി ഇടപെടുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ സി വേണു​ഗോപാൽ പങ്കെടുക്കാത്തതെന്നാണ് വിവരം.

യോ​ഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള കെ സി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനയുമുണ്ട്. കേരളത്തിൽ സംഘടനയിൽ സമൂല മാറ്റം വേണമെന്ന കനഗോലു റിപ്പോർട്ടും ഹൈക്കമാൻഡിന് മുന്നിലുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റി പകരം അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം.

Content Highlights: Deepa Das Munshi Submit Report and Wants Sudden Change of KPCC President

To advertise here,contact us