'വിമര്‍ശിക്കാന്‍ മോശം പദപ്രയോഗം വേണ്ട, നല്ല പദങ്ങള്‍ ഉപയോഗിക്കണം'; സിഐടിയു നേതാവിനെ തള്ളി എം വി ഗോവിന്ദന്‍

'സമരവും സമരത്തിന് നേതൃത്വം നല്‍കുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. അത് തിരിച്ചറിയുന്നത് നല്ലതാണ്'

തിരുവനന്തപുരം: കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മിനിക്കെതിരായ സിഐടിയു നേതാവിന്റെ അധിക്ഷേപ പരാമര്‍ശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശിക്കാന്‍ മോശം പദപ്രയോഗം ഉപയോഗിക്കേണ്ടതില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നല്ല പദങ്ങള്‍ ഉപയോഗിക്കണം. മാധ്യമങ്ങള്‍ക്ക് ഏതെങ്കിലും ഒരു പദം ലഭിച്ചാല്‍ മതി. അതില്‍ പിടിച്ച് കാടുകയറും. കാര്യങ്ങളെ വസ്തുതാപരമായി കാണണമെന്നും എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Also Read:

Kerala
സാംക്രമിക രോഗം പടര്‍ത്തുന്ന കീടം; ആശാവര്‍ക്കര്‍ സമരനേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്

ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ഒരു സംസ്ഥാനം കേരളമാണെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ കാലത്ത് ആശ വര്‍ക്കര്‍മാര്‍ക്കായി വര്‍ദ്ധിപ്പിച്ചത് നൂറ് രൂപയാണ്. ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ആശ വര്‍ക്കര്‍മാരുടെ വരുമാനം വര്‍ദ്ധിപ്പിച്ചത്. ആശ വര്‍ക്കര്‍മാര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. സമരം നടത്തുന്നവര്‍ ശത്രുക്കളാണെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണം. വിഷയത്തില്‍ രാഷ്ട്രീയപരമായ ഇടപെടല്‍ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. ആശ വര്‍ക്കര്‍മാര്‍ ആ ഇടപെടല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുമായി വരേണ്ടതില്ല എന്നാണ് അവര്‍ പറഞ്ഞത്. തങ്ങള്‍ക്ക് പിന്തുണ വേണ്ടെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ സിഐടിയുവിന്റെ നേതൃത്വത്തിലാണ് ആശ വര്‍ക്കര്‍മാര്‍ ആദ്യം സമരമുഖത്തേയ്ക്ക് എത്തുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ആ സമരം ഒരു ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഇവരും സമരരംഗത്തേയ്ക്ക് കടക്കുന്നത്. തങ്ങള്‍ സമരത്തിന് എതിരല്ലെന്ന് വീണ്ടും പറയുന്നു. സമരവും സമരത്തിന് നേതൃത്വം നല്‍കുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. അത് തിരിച്ചറിയുന്നത് നല്ലതാണ്. ആ കൂട്ടത്തില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, എസ്‌യുസിഐ അടക്കം സംഘടനകളുണ്ട്. അതിനോട് തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Content Highlights- M V Govindan against citu leader on his statement about mini

To advertise here,contact us