ഷഹബാസിൻ്റെ ഭാഗത്തുനിന്നും യാതൊരു തെറ്റും മുമ്പ് ഉണ്ടായിട്ടില്ല; എംജെഎച്ച്എസ് സ്കൂൾ പിടിഎ പ്രസിഡൻ്റ്

സംഘർഷവുമായി സ്കൂളിലെ വിദ്യാർഥികൾക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സിദ്ദീഖ് വ്യക്തമാക്കി

കോഴിക്കോട്: ഷഹബാസിൻ്റെ ഭാഗത്തുനിന്നും യാതൊരു തെറ്റും മുമ്പ് ഉണ്ടായിട്ടില്ലെന്ന് എംജെഎച്ച്എസ് സ്കൂൾ പിടിഎ പ്രസിഡൻ്റ് സിദ്ദീഖ് മലബാറി. 13-ന് തന്നെ സ്കൂളിൽ സെൻ്റ് ഓഫ് നടന്നിരുന്നു. അതിന് പുറമെ ആണ് സ്വകാര്യ ട്യൂഷൻ സെൻ്റർ സെൻ്റ് ഓഫ് ഒരുക്കിയത്.അതിലാണ് അവർ ഡിജെ പാർട്ടി അടക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ വിദ്യാർഥികൾ നേരത്തെ സാമൂഹ്യ മാധ്യമ ഗ്രൂപ്പ് ഉണ്ടാക്കിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നടപടിയെടുത്തിരുന്നു. ഇപ്പോഴത്തെ ഗ്രൂപ്പിനെ കുറിച്ച് വാർത്തകൾ പുറത്തു വന്നപ്പോൾ മാത്രമാണ് അറിഞ്ഞത്. സംഘർഷവുമായി സ്കൂളിലെ വിദ്യാർഥികൾക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സിദ്ദീഖ് വ്യക്തമാക്കി.

ഷഹബാസ് ഇതിനു മുൻപ് അച്ചടക്ക ലംഘനം കാണിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി എച്ച് എം പി മുഹമ്മദ് ഇസ്മായിലും കൂട്ടിച്ചേർത്തു.കോരങ്ങാട് സ്കൂളിലെയും എംജെഎച്ച്എസ്എസിലേയും വിദ്യാർത്ഥികൾ തമ്മിൽ ഇതിനു മുൻപ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ അധ്യാപകർ കയറാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഉണ്ടാക്കിയ ഗ്രൂപ്പ് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുംകുട്ടികൾ സ്കൂളിൽ മൊബൈൽ ഫോണുകൾ കൊണ്ട് വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ കെയർഹോമിലേക്ക് അയക്കും. പരീക്ഷയെഴുതാനും വിദ്യാർഥികൾക്ക് അവസരം നൽകും. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

Also Read:

Kerala
താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ മരണം; സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.

Content Highlights: school pta president on thamaraserry student death

To advertise here,contact us