'മകൻ ഒരു വാക്കുപോലും സംസാരിക്കാതെ എന്നെ വിട്ടുപോയി, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം'; ഷഹബാസിൻ്റെ പിതാവ്

'നിലവിലെ സംഭവത്തിന് കാരണക്കാർ പ്രതികളുടെ രക്ഷിതാക്കൾ തന്നെയാണ്'

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പിതാവ് ഇക്ബാൽ.പ്രതികൾ മുൻപും സംഘർഷമുണ്ടാക്കിയെന്നും രക്ഷിതാക്കൾ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തിരിച്ചടിക്കാൻ രക്ഷിതാക്കൾ പ്രേരണ നൽകി. അന്ന് ശിക്ഷ നൽകണമായിരുന്നു. എങ്കിൽ കുട്ടികൾ ഇന്ന് കൊലപാതകികൾ ആകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സംഭവത്തിന് കാരണക്കാർ പ്രതികളുടെ രക്ഷിതാക്കൾ തന്നെയാണ്. നീതിപീഠവും അന്വേഷണസംഘവും കൃത്യമായ ശിക്ഷ നൽകണം. പ്രതികളിൽ ഒരാളുടെ രക്ഷിതാവ് ക്വൊട്ടേഷൻ സംഘത്തലവനാണെന്നും ഷഹബാസിൻ്റെ പിതാവ് പറഞ്ഞു. തന്റെ മകൻ ഒരു വാക്കുപോലും സംസാരിക്കാതെ തന്നെ വിട്ടുപോയി. കേസിൽ നിഷ്പക്ഷ അന്വേഷണം വേണം. പരമാവധി ശിക്ഷ പ്രതികൾക്ക് നൽകണം.സ്വാധീനം ചെലുത്താൻ കഴിവില്ലാത്തവരാണ് തങ്ങളെന്നും ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ പറഞ്ഞു.

താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.

Also Read:

Kerala
ഷഹബാസിന്റെ കൊലപാതകം; പരീക്ഷയെഴുതാന്‍ പ്രതികള്‍ക്ക് പൊലീസ് സുരക്ഷ

അതേസമയം, പ്രതികൾക്ക് പരീക്ഷയെഴുതാൻ പൊലീസ് സുരക്ഷയൊരുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിർദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയാണ് പ്രതികൾ സ്‌കൂളിൽ വെച്ച് എഴുതുക. നിലവിൽ പ്രതികൾ വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലാണുള്ളത്.

Content Highlights: shahabas's father on his son's death

To advertise here,contact us