ഷഹബാസ് കൊലപാതകം;പ്രതികളുടെ വീട്ടിൽ പരിശോധന;കൊലയ്ക്ക് ഉപയോ​ഗിച്ച ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കും

ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമം

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊലപാതകത്തിലെ പ്രതികളുടെ വീട്ടിൽ പൊലീസ് പരിശോധന. ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. ഒപ്പം കൊലപാതകം ആസൂത്രണം ചെയ്ത ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കും.

അതേ സമയം പ്രതികൾക്ക് പരീക്ഷയെഴുതാന്‍ പൊലീസ് പ്രത്യേക സുരക്ഷയൊരുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച് എഴുതുക. നിലവില്‍ പ്രതികള്‍ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്. സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണ്. വലത് ചെവിയുടെ മുകള്‍ഭാഗത്തായാണ് പൊട്ടല്‍. അതേസമയം, ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഒബ്‌സര്‍വേഷന്‍ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി.

ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

Also Read:

Kerala
'മകൻ ഒരു വാക്കുപോലും സംസാരിക്കാതെ എന്നെ വിട്ടുപോയി, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം'; ഷഹബാസിൻ്റെ പിതാവ്

ട്യൂഷന്‍ ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികള്‍ ഷഹബാസിനെ മര്‍ദിച്ചത്.

content highlights : Shahbaz murder; house search of the accused; weapons used in the murder and digital evidence will be collected

To advertise here,contact us