വെഞ്ഞാറമ്മൂട് കൂട്ടക്കൊല; അഫാനെ ഉടൻ ജയിലിലേക്ക് മാറ്റും

ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ ഉടൻ ജയിലിലേക്ക് മാറ്റും. എലിവിഷം കഴിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാനില്ല.

അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം.

അഫാന് മാനസിക പ്രശ്നങ്ങളില്ലെന്നും പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നുമാണ് മെഡിക്കൽ ബോർഡിൻ്റെ കണ്ടെത്തൽ.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവിക്ക് പുറമേ, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫ്‌സാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read:

Kerala
കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാൽ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.

ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാൻ മൊഴി നൽകിയിരുന്നു.

വീട്ടിലെ ചെലവുകൾക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാൻ പറഞ്ഞിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരിൽ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളിൽ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളിൽ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും പിതൃസഹോദരനും ഭാര്യയും മുത്തശ്ശിയും കാര്യമായി സഹായിച്ചിരുന്നില്ലെന്നും അഫാൻ വ്യക്തമാക്കിയിരുന്നു. കടബാധ്യതകൾ തീർക്കാൻ അവർ സഹായിച്ചില്ല. നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്തു. ഈ കാരണത്താൽ ഇവരോട് പകയുണ്ടായിരുന്നതായും അഫാന്റെ മൊഴിയിലുണ്ടായിരുന്നു.

Content Highlights: Afan will be transferred to jail soon in Venjaramudu Massacre

To advertise here,contact us