പണം കൃത്യമായി നൽകിയാൽ പിണറായി; വൈകിയാൽ മോദി, അതെന്ത് രീതി?; ആശ വർക്കർമാർക്കൊപ്പമെന്ന് സുരേന്ദ്രൻ

കേന്ദ്രം കൊടുക്കുന്നത് അല്ലാതെ എന്താണ് കേരളം ചിലവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു

തിരുവനന്തപുരം: ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം കേരളത്തിന്റെ മനസാക്ഷിക്ക് മുന്നിൽ വലിയ ചോദ്യചിഹ്നമായി ഉയർന്നുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും തെറ്റില്ലെന്നും കേരളത്തിലെ ജനങ്ങൾ ഒരു മുത്തം കൊടുക്കുന്നുണ്ടെങ്കിൽ അത് ഈ ആശ വർക്കർമാർക്ക് തന്നെയാവുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്ത് ആദ്യം പ്രവർത്തിച്ചത് ആശ വർക്കർമാരാണ്. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല. കേന്ദ്രം കൊടുക്കുന്നത് അല്ലാതെ എന്താണ് കേരളം ചിലവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം ബഡ്ജറ്റിൽ 16 ശതമാനം അധികമാണ് നീക്കി വെച്ചിരിക്കുന്നത്. എൻഎച്ച്എം ഫണ്ട്‌ ഉപയോഗിച്ചല്ലാതെ എങ്ങനെയാണ് സർക്കാർ ഓണറേറിയം കൊടുക്കുന്നത്? എല്ലാം കേന്ദ്രത്തിന്റെ തലയിൽ ഇട്ട് രക്ഷപ്പെടാമെന്ന് കരുതണ്ട. കണക്ക് കൊടുത്തില്ലെങ്കിൽ കാശ് വൈകും.

സംസ്ഥാന സർക്കാർ നൽകേണ്ട കണക്ക് കൃത്യമായി കേന്ദ്രത്തിനു നൽകണം. പണം വൈകിയാൽ മോദി, പണം കൃത്യമായി നൽകിയാൽ പിണറായി. അതെന്ത് രീതിയാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കേന്ദ്രത്തിന്റെ വീഴ്ച എന്ന് പറയുന്ന പതിവ് പല്ലവി ഇനി വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓണറേറിയം വർധന ആവശ്യപ്പെട്ടുള്ള ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരം ഇരുപത്തിമൂന്നാം ദിവസവും തുടരുകയാണ്. ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങിയത്. ഇതിനിടയില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Also Read:

Kerala
'ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട'; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

എന്നാൽ ആശ വർക്കർമാരുടെ സമരത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് മന്ത്രി വി ശിവൻകുട്ടി . സമരത്തിന് പിന്നിൽ രഹസ്യ രാഷ്ട്രീയ അജണ്ടയെന്ന് മന്ത്രി വിമർശിച്ചു. സമരം ന്യായമാകണമെന്നും വസ്തുതകൾ മറച്ചുവെച്ച് സമരം ചെയ്യരുതെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്. സിഐടിയുവിൻ്റെ വിമർശനം അനുഭവത്തിൽ നിന്നാണ്. തൊഴിൽ മന്ത്രി എന്ന നിലയിൽ തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

Content Highlights: k surendran on asha workers strike

To advertise here,contact us