സിദ്ധാർത്ഥന്‍റെ മരണം; ശിക്ഷാ നടപടിക്ക് വിധേയരായ രണ്ട് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനം

ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ശിക്ഷാ നടപടിക്ക് വിധേയരായ രണ്ട് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനം. മൂന്ന് വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ തിരിച്ചു കയറാനും അനുമതി നൽകി. ഹോസ്റ്റലിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടാണിത്. ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. 2023 ബാച്ച് വിദ്യാർത്ഥികൾക്കൊപ്പം ഇവർക്ക് പഠനം തുടരാനും ഇതുവഴി സാധിക്കും.

2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശിയായ ജെ എസ് സിദ്ധാർത്ഥൻ ക്രൂരമായി റാഗിങിനിരയായി മരിച്ചത്. മരിച്ച നിലയിൽ കണ്ടെത്തുന്നതിമ് രണ്ട് ദിവസം മുന്നേ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് സിദ്ധാർത്ഥൻ അമ്മ ഷീബയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ കോളേജിൽ അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

ഫെബ്രുവരി 14-ന് ക്യാംപസിൽ സംഘടിപ്പിച്ച വാലൻറൈൻസ് ഡേ പരിപാടിക്കിടെ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൻറെ പേരിലാണ് സിദ്ധാർത്ഥനെ സഹപാഠികൾ തന്നെ ക്യാപസിലേക്ക് തിരിച്ചുവിളിച്ചത്. തുടർന്ന് നടത്തിയ സമാനതകളില്ലാത്ത ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനങ്ങൾക്കുമൊടുവിൽ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിയനിലയിൽ സിദ്ധാർഥന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂങ്ങി മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുമ്പോൾ കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് മാതാപിതാക്കൾ.

Also Read:

Kerala
'ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട'; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായവരെ പിടികൂടാൻ വൈകുന്നുവെന്നതടക്കം നിരവധി ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയർന്നത്. തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തിരുന്നു.

Content Highlights: Readmission of two students in pookode veterinary college sidharthan case

To advertise here,contact us