വടക്കാഞ്ചേരിയിൽ ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകർത്ത് കവർന്നു; ഹിന്ദു മുന്നണി പ്രവർത്തകൻ കസ്റ്റഡിയിൽ

വീടിനു സമീപം കുരിശു പള്ളി വരുന്നതിനെതിരെ ഷാജി നേരത്തെ പരാതിയുമായി രംഗത്തുവന്നിരുന്നു

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ പള്ളിവക സ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകര്‍ത്ത് കവര്‍ന്നു. സംഭവത്തില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ നെടിയേടത്ത് ഷാജിയെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ വിശ്വാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അതിരൂപതയെ അറിയിക്കുകയും മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളി അധികാരികള്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് വീട്ടിലെത്തി ഷാജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷാജിയുടെ മകനെയും ചോദ്യം ചെയ്യുന്നുണ്ട്. വീടിനു സമീപം കുരിശു പള്ളി വരുന്നതിനെതിരെ ഷാജി നേരത്തെ പരാതിയുമായി രംഗത്തുവന്നിരുന്നു. തിരുസ്വരൂപം കണ്ടെടുക്കാന്‍ ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഷാജിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

Also Read:

Kerala
ലഹരിയേറിയതോടെ ഡിപ്ലോമ പഠനം പാതി വഴിയില്‍ അവസാനിപ്പിച്ചു; യുവാവ് എംഡിഎംഎയുമായി പിടിയില്‍

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകീട്ട് വികാരി ഫ്രാങ്കോ പുത്തിരിയുടെ നേതൃത്വത്തില്‍ മുണ്ടത്തിക്കോട്ട് കുരിശിന്റെ വഴി നടന്നു. സമാധാന സമ്മേളനവും നടന്നു. നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് കെ അജിത്കുമാര്‍, കൗണ്‍സിലര്‍മാരായ കെ എന്‍ പ്രകാശന്‍, ജിന്‍സി ജോയ്‌സണ്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ടി ആര്‍ രാജന്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗം നിത്യസാഗര്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മഹിമ, മുണ്ടത്തിക്കോട് പൂരാഘോഷക്കമ്മിറ്റി പ്രസിഡന്റ് എം എന്‍ ലതീന്ദ്രന്‍, ജെയ്‌സണ്‍ കണ്ണനായ്ക്കല്‍, സി വി ജോയ് എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Holy image of Christ the King was broken and stolen Hindu Munnani activist in custody in Vadakkanjery

To advertise here,contact us