'പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരകാക്കണം'; മുഖ്യമന്ത്രിയുടെ ലേഖനത്തിന് കെ സുധാകരന്റെ മറുപടി

സിപിഐഎം എന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരകാക്കണമെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നാക്ക് പൊങ്ങുന്നില്ല. ഇൻഡ്യാ സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ മുഖ്യമന്ത്രി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കെ സുധാകരൻ വിമർശിച്ചു.

ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി മുഖ്യമന്ത്രിയായതെന്നും കെ സുധാകരൻ പറഞ്ഞു. മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ സിപിഐഎമ്മിനെ മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഐഎം എന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. ലാവ്‌ലിന്‍ ഉള്‍പ്പെടെ എല്ലാ അഴിമതിക്കേസുകളിലും ബിജെപിയുമായി ധാരണയുണ്ടാക്കി. ഇൻഡ്യാ സഖ്യത്തിനെതിരെ ബിജെപിയുടെ അഞ്ചാംപത്തിയായി പിണറായി പ്രവര്‍ത്തിച്ചു. സഖ്യത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

ബിജെപിയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണ തന്ത്രമെന്നായിരുന്നു ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. 'ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്' എന്ന തലക്കെട്ടിലായിരുന്നു ലേഖനം.. ഇല്ലാത്ത ശക്തി ഉണ്ടെന്നുകാട്ടി മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 'ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ആലോചിക്കട്ടെ. ബിജെപിക്ക് ബദല്‍ ഉയര്‍ത്തുന്നതിന് തടസ്സം കോണ്‍ഗ്രസിന്റെ സമീപനങ്ങള്‍', എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍.

Also Read:

Kerala
'അനുഭാവികള്‍ക്ക് മദ്യപിക്കാം, നേതാക്കളും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞത്'; എം വി ഗോവിന്ദന്‍

2015ലും 2020ലും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റുപോലും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞിരുന്നു. എന്നിട്ട് പോലും ബിജെപിക്കെതിരെ നില്‍ക്കുന്ന മുഖ്യശക്തിയായ ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോണ്‍ഗ്രസ് കണ്ടു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവര്‍ പറഞ്ഞതിന്റെ മറുവശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് മുഖ്യശത്രു ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപിയുമായി ചേരുന്നതാണ് കോണ്‍ഗ്രസ് നയം. പലപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കോണ്‍ഗ്രസ് അടിയറവ് പറഞ്ഞു. തങ്ങള്‍ക്കാണ് ബിജെപിയെ തോല്‍പ്പിക്കാനുള്ള കെല്‍പ്പ് എന്ന് മേലില്‍ പറയരുതെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞിരുന്നു.

Content Highlights- 'Pinarayi Vijayan should be made an RSS pracharak, don't dare call BJP fascist' K Sudhakaran

To advertise here,contact us