തിരുവനന്തപുരം: മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരെ നടപടിക്ക് സിപിഐ എക്സിക്യൂട്ടീവ്. സിപിഐ നേതാവ് പി രാജുവിൻ്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം വിവാദമായിരുന്നു. വിഷയത്തിൽ ഇസ്മയിലിനോട് വിശദീകരണം തേടാനാണ് തീരുമാനം. പി രാജുവിൻ്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയിൽ നൽകിയ പ്രതികരണത്തിന് പിന്നാലെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.
പി രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാൽ അദ്ദേഹം കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചല്ല. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്ന് നൽകിയ പ്രതികരണത്തിൽ കെ ഇ ഇസ്മയിൽ പറഞ്ഞിരുന്നു.
പി രാജുവിനെ ചിലർ വേട്ടയാടിയിരുന്നുവെന്നും ഇസ്മയിൽ ആരോപിച്ചിരുന്നു. പി രാജുവിന്റെ സംസ്കാര ചടങ്ങിൽ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ പാർട്ടി പി രാജുവിനെ വ്യക്തിഹത്യ നടത്തി. ദീർഘകാലത്തെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചത് അദ്ദേഹത്തിന് വലിയ ആഘാതമായിരുന്നുവെന്നും ഇസ്മയിൽ ആരോപിച്ചിരുന്നു. കെ ഇ ഇസ്മയിലിന്റെ പ്രതികരണത്തിന് പിന്നാലെ പാർട്ടി ഓഫീസിൽ പി രാജുവിന്റെ മൃതദേഹം പൊതുദർശനത്തിനുവെയ്ക്കേണ്ട എന്ന് കുടുംബം തീരുമാനിച്ചിരുന്നു.
പി രാജു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയെന്നായിരുന്നു ഉയർന്ന ആരോപണം. പിന്നീട് നടത്തിയ പരിശോധനയിൽ 2.30 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി. വിഷയം പരിശോധിക്കാൻ മൂന്ന് അംഗ സമിതിയെ ചുമതലപ്പെടുത്തുകയും, കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് രാജുവിനും, എം ഡി നിക്സണുമെതിരെ പാർട്ടി ജില്ലാ കൗൺസിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 27 ന് ആണ് മുൻ എംഎൽഎ കൂടിയായ പി രാജു അന്തരിച്ചത്. കാൻസർ രോഗ ബാധയെ തുടർന്ന് വർഷങ്ങളോളം ചികിത്സയിലായിരുന്നു അദ്ദേഹം.
Content Highlights: CPI will Take Action Against K E Ismail Over His Respond about P Raju