'കെ വി തോമസിന്റേത് നിരുത്തരവാദിത്തം, കണക്കുകൾ ഇല്ലാതെ എങ്ങനെ മന്ത്രിയെ കണ്ടു'; വിമർശിച്ച് ആശ വർക്കർമാർ

ആശ വർക്കർമാരുടെ സമരം മാത്രമല്ല കേരളത്തിലെ പ്രശ്നമെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം

തിരുവനന്തപുരം: ആശ വർക്കർമാരുടെ വിഷയത്തിൽ കണക്കുകൾ അറിയില്ലെന്ന പ്രതികരണത്തിൽ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ സമരസമിതി. കെ വി തോമസിന്റേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു. ആശാവർക്കർമാർക്ക് ഒരു ദിവസം 233 രൂപയാണ് കൂലി. ഒരു ദിവസം 8000 രൂപ വരെ ശമ്പളം വാങ്ങുന്നവർ ഉത്തരവാദിത്തം കാണിക്കുന്നില്ല. കണക്കുകൾ ഇല്ലാതെ പിന്നെ എങ്ങനെയാണ് കെ വി തോമസ് ധനമന്ത്രിയെ കണ്ടതെന്നും എം എ ബിന്ദു ചോദിച്ചു.

ആശ വർക്കർമാരുടെ സമരം മാത്രമല്ല കേരളത്തിലെ പ്രശ്നമെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. കണക്കുകളെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല. പിന്നീട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായും കെവി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് കണക്കുകൾ മന്ത്രിയെ ബോധ്യപ്പെടുത്താനായില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട് സീതാരാമന്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്ചയില്‍ തന്റെ കയ്യിൽ കണക്കുകൾ ഉണ്ടായിരുന്നില്ലെന്ന് കെ വി തോമസ് പറയുകയും ചെയ്തു. വയനാട് പുനരധിവാസത്തിനുളള വായ്പ വിനിയോ​ഗത്തിന്റെ കാലാവധി മാർച്ച് 31ൽ നിന്ന് നീട്ടണമെന്ന ആവശ്യം ഉന്നയിച്ചെന്നും കെ വി തോമസ് പറഞ്ഞു.

സമരം 26-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങിയത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതിനിടയില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: asha workers criticize kv thomas over his statment about asha workers demands

To advertise here,contact us