മുന്‍ എസ്പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു

പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സുജിത് ദാസ് സസ്‌പെന്‍ഷനിലായിരുന്നു

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരിച്ചെടുക്കല്‍ നടപടി.

പി വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരെ നടപടി ഉണ്ടായത്.

സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോര്‍ട്ട്.

ക്യാമ്പ് ഓഫീസിലെ മരംമുറി കേസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുജിത് ദാസ് അപേക്ഷിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടത്. ഇത് പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.

Content Highlights: Former SP Sujith Das reinstated in service

To advertise here,contact us