പോയത് യാത്രയോടുള്ള താൽപര്യംകൊണ്ടെന്ന് താനൂരിലെ വിദ്യാർത്ഥിനികൾ; നാളെ നാട്ടിലെത്തിക്കും: മലപ്പുറം എസ് പി

'യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതാണെന്നാണ് നിലവിൽ കുട്ടികൾ പറയുന്നത്'

കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനികളെ നാളെ തിരൂരിൽ എത്തിക്കുമെന്ന് മലപ്പുറം എസ് പി ആർ വിശ്വനാഥ്‌. യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതാണെന്നാണ് നിലവിൽ കുട്ടികൾ പറയുന്നത്. എന്തിനാണ് പെൺകുട്ടികൾ പോയതെന്ന കാര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികൾ ഫോണും സിം കാർഡും വാങ്ങിയിരുന്നു. കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോൾ തന്നെ പൊലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതെന്നും എസ് പി പറഞ്ഞു.

സ്വമേധയാ പോയതാണെന്നാണ് രക്ഷിതാക്കളും പറയുന്നത്. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കും. ഒപ്പം പോയ ആളെയും ചോദ്യം ചെയ്യും. ആശ്വാസമാണ് ഉള്ളത്. മലയാളി സമാജവും മാധ്യമങ്ങളും വളരെയേറെ സഹായിച്ചു. കുട്ടികളോട് സംസാരിച്ചാലേ മറ്റ് വിവരങ്ങൾ അറിയാനാകൂവെന്നും എസ്പി കൂട്ടിച്ചേർത്തു.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാവുകയായിരുന്നു. ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളാണ് ഇരുവരും. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ജീൻസും ടീ ഷർട്ടുമായിരുന്നു വിദ്യാർത്ഥിനികളുടെ വേഷം. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി.

മൊബൈൽ സ്വിച്ച് ഓഫ് ആകുന്നതിന് മുൻപായി ഇരുവരുടേയും ഫോണിൽ ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്‌ലത്തിന്റെ പേരിലുള്ള സിം കാർഡിൽ നിന്നായിരുന്നു കോളുകൾ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്.

കുട്ടികളെ നാളെ ട്രെയിനില്‍ നാട്ടിലേക്ക് കൊണ്ടുവരും. വൈകുന്നേരം അഞ്ചരയോടെ പുനെയിൽ നിന്ന് മടങ്ങും. നാളെ ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും.

Content Highlights: malappuram S P says tanur students will be taken to Tirur tomorrow

To advertise here,contact us