താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; സഹായിച്ച റഹിം അസ്ലത്തെ കസ്റ്റഡിയിലെടുത്തു

മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്

മലപ്പുറം: താനൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ചത് റഹിം അസ്ലമാണ്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.

മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിപ്പിക്കുകയും ഒടുവില്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.

ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെയര്‍ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഈ വിവരങ്ങള്‍ കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. നിലവില്‍ കെയര്‍ ഹോമിലേക്ക് മാറ്റിയ കുട്ടികളെ താനൂര്‍ സ്റ്റേഷനിലെ എസ്ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരികെ നാട്ടിലെത്തിക്കും.Content Highlights: Police take Rahim Aslam in Custody in Thanoor girls case

To advertise here,contact us