സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

പ്രായ പരിധി മാനദണ്ഡവും അനാരോഗ്യവും അച്ചടക്ക നടപടിയും പരിഗണിച്ചാണ് പുതിയ ഒഴിവുകള്‍ വരുന്നത്

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇന്നാണ് തീരുമാനിക്കുക. നവകേരളത്തിൻ്റെ പുതുവഴികൾ എന്ന നയരേഖയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയും. പ്രതിനിധികൾ ഉന്നയിച്ച ആശങ്കകൾ ഇതോടെ തീരുമെന്നാണ് നേതൃത്വത്തിൻ്റെ പ്രതീക്ഷ. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്ത രീതി ഇത്തവണയും തുടരാൻ സാധ്യതയുണ്ട്. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകുന്ന തരത്തിലായിരിക്കും സംസ്ഥാന കമ്മിറ്റി രൂപീകരിക്കുക.

സിപിഐഎമ്മിന്റെ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും 21 പേര്‍ ഒഴിവായേക്കും. പ്രായ മാനദണ്ഡവും അനാരോഗ്യവും അച്ചടക്ക നടപടിയും പരിഗണിച്ചാണ് പുതിയ ഒഴിവുകള്‍ വരുന്നത്. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രായപരിധി മാനദണ്ഡ പ്രകാരം 11 പേരെ ഒഴിവാക്കും.

2025 ജനുവരി ഒന്നിന് 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാനാണ് ധാരണ. പാർട്ടി നേതൃത്വത്തിൽ നിന്ന് എ കെ ബാലൻ, പി കെ ശ്രീമതി, ആനാവൂർ നാഗപ്പൻ, ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ പ്രായപരിധിയുടെ പേരിൽ ഒഴിയും. കോടിയേരി ബാലകൃഷ്ണന്‍, എം സി ജോസഫൈന്‍, എ വി റസ്സല്‍ എന്നിവര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. സൂസന്‍ കോടിയേയും കെ രാജഗോപാലിനെയും കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായി ഒഴിവാക്കിയേക്കും. ഇ എന്‍ മോഹന്‍ദാസ്, കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ്മ, സി എന്‍ ദിനേശ് മണി, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ഒഴിവായേക്കും.

Content Highlights : CPI(M) state conference to conclude today; general conference in the evening

To advertise here,contact us