ലഹരിക്കെതിരെ യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം; നൈറ്റ് മാര്‍ച്ചിനിടയിലൂടെ ബൈക്കിൽ കഞ്ചാവുമായി പോയ യുവാക്കൾ പിടിയിൽ

യുവാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു

കൊച്ചി: ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി നൈറ്റ് മാര്‍ച്ച്. സംസ്ഥാന സര്‍ക്കാര്‍ ലഹരിമാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ച്. എം ജി റോഡ് മുതല്‍ കച്ചേരിപ്പടി വരെയാണ് മാര്‍ച്ച്. ഇതിനിടയില്‍ മാര്‍ച്ചിനിടെ ബൈക്കില്‍ വന്ന രണ്ട് യുവാക്കളില്‍ നിന്ന് കഞ്ചാവ് പിടികൂടി. കച്ചേരിപ്പടിയില്‍ നിന്നാണ് യുവാക്കളെ പൊലീസ് പിടികൂടിയത്.

യുവാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഷിയാസിന്റെ പ്രസംഗത്തിനിടെയായിരുന്നു യുവാക്കളെ പിടികൂടിയത്. കൊച്ചിയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് മുഹമ്മദ് ഷിയാസ് പ്രസംഗത്തില്‍ പറഞ്ഞു.

ലഹരിക്കെതിരെ സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയും എക്‌സൈസിന്റെയും പിടിപ്പുക്കേടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് സാധാരണ കുടുംബങ്ങളില്‍ ഭയം നിറയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ലഹരി തടയാമെന്നും ഷിയാസ് പറഞ്ഞു.

Content Highlights: Youth Congress night march against Drugs

To advertise here,contact us