'199 രൂപക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് ഉറപ്പിക്കാം'; ഉറപ്പുള്ള ചോദ്യങ്ങളുമായി വീണ്ടും എം എസ് സൊല്യൂഷൻസ്

എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്ആപ്പ് വഴി ലഭിക്കുമെന്നാണ് പറയുന്നത്

തിരുവനന്തപുരം: ഉറപ്പുള്ള ചോദ്യങ്ങളുമായി വീണ്ടും എം എസ് സൊല്യൂഷൻസ്. എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്ആപ്പ് വഴി ലഭിക്കുമെന്നാണ് ഇവർ പുറത്തിറക്കിയിരിക്കുന്ന പരസ്യത്തിൽ പറയുന്നത്. 199 രൂപക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയിരിക്കുന്നത്. പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് എം എസ് സൊല്യൂഷൻസിന്റെ വാഗ്ദാനം.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പുതിയ വാഗ്ദാനവുമായി എം എസ് സൊല്യൂഷൻസ് വീണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. നേരത്തേ കേസിൽ അറസ്റ്റിലായ മഅ്ദിന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എം എസ് സൊല്യൂഷ്യന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് വിവരം.

നേരത്തേ പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് എം എസ് സൊല്യൂഷ്യന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നത്. രസതന്ത്ര പരീക്ഷയിലെ ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

Content Highlights: MS Solutions again with surefire questions

To advertise here,contact us