'നോബിയുടെ അച്ഛന്റെ ചികിത്സയ്ക്കായാണ് ഷൈനി വായ്പയെടുത്തത്; തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്': കുടുംബശ്രീ അംഗങ്ങൾ

തിരിച്ചടവ് മുടങ്ങിയിരിക്കുകയാണെന്നും എന്തുചെയ്യണമെന്ന് അറിയില്ലെന്നും കുടുംബശ്രീ അംഗങ്ങൾ പറയുന്നു

കോട്ടയം: ഏറ്റുമാനൂരില്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് മക്കള്‍ക്കൊപ്പം ജീവനൊടുക്കിയ ഷൈനി കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്തിരുന്നതായി വിവരം. ഭര്‍തൃവീട്ടിലായിരുന്ന സമയത്ത് അംഗത്വമുണ്ടായിരുന്ന പുലരി കുടുംബശ്രീയില്‍ നിന്നാണ് ഷൈനി വായ്പയെടുത്തത്. മുതലും പലിശയുമായി തുക 1,26,000 ആയി. ഭര്‍തൃപിതാവിന്റെ ചികിത്സയ്ക്കും വീട് പുതുക്കുന്നതിനുമായാണ് ഷൈനി വായ്പയെടുത്തതെന്നും എന്നാല്‍ ഇത് തിരിച്ചടയ്ക്കാന്‍ നോബിയും കുടുംബവും തയ്യാറായില്ലെന്നും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ ഷൈനി പണം തിരിച്ചടച്ചിരുന്നതായും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. വീട്ടില്‍ നിന്ന് പോയശേഷം പണം അടയ്ക്കാതെയായി. വായ്പ മുടങ്ങിയതോടെ നിക്ഷേപത്തില്‍ നിന്നെടുത്ത് കുടുംബശ്രീ അംഗങ്ങാണ് പണം തിരിച്ചടച്ചത്. നോബിയും കുടുംബവും പണം തിരിച്ചടയ്ക്കില്ലെന്ന് പറഞ്ഞു. ഷൈനിയുടെ പേരിലുള്ള രണ്ട് വാഹനങ്ങളുടെ ഉടമസ്ഥതയും ഇന്‍ഷുറന്‍സും കൈമാറാന്‍ അവര്‍ ഷൈനിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് തിരിച്ചു നല്‍കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് പറഞ്ഞത്. ഇതോടെ ഷൈനി തന്നെ പൊലീസില്‍ പരാതി നല്‍കാന്‍ തങ്ങളോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയിരുന്നുവെന്നും കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കി.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

ബിഎസ്സി നഴ്സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ നോബിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു. ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഏറ്റുമാനൂര്‍ കോടതി ഇന്ന് വിധി പറയും.

Content Highlights- kudumbasree members against noby on shiny's death

To advertise here,contact us