തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി. കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനായിരുന്നു നിർദ്ദേശം. അന്തിമകുറ്റപത്രം സമർപ്പിക്കാനിരിക്കെ മൂന്ന് ദിവസം മുൻപാണ് ഇ ഡി സമൻസ് അയച്ചത്.
എന്നാൽ രാധാകൃഷ്ണൻ എം പി ഇതുവരെ സമൻസ് കൈപ്പറ്റിയിട്ടില്ല. സമൻസ് തന്റെ ഓഫീസിൽ ലഭിച്ചതായി വിവരം കിട്ടിയെന്നും എന്നാൽ താൻ അത് കണ്ടിട്ടില്ലെന്നും രാധാകൃഷ്ണൻ പ്രതികരിച്ചു. പഠിച്ച ശേഷം പ്രതികരിക്കാം എന്നും രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഇ ഡി കൊച്ചി യൂണിറ്റാണ് സ്വത്തുകൾ കണ്ടുകെട്ടിയത്. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
കരുവന്നൂരില് ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്ക്ക് വായ്പ അനുവദിച്ചിരുന്നു. ഇതിൽ പലതിലും വായ്പയേക്കാൾ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. സിപിഐഎം നേതാക്കൾ ഉൾപ്പടെ 53 പ്രതികളാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലുള്ളത്. ഇവരുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിരുന്നു.
Content Highlights: E D sent summons notice to K Radhakrishnan MP