കൊച്ചേട്ടനുമായി അടുത്ത സൗഹൃദം,നിര്യാണം ദളിത് പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടം;അനുശോചനം രേഖപ്പെടുത്തി കെ രാധാകൃഷ്ണൻ

സമകാലിക വിഷയങ്ങളില്‍ ദളിത് പക്ഷ നിലപാടുകള്‍ വ്യക്തമാക്കിയിരുന്ന ചിന്തകനാണ് കെ കെ കൊച്ചെന്ന് കെ രാധാകൃഷണന്‍

തിരുവനന്തപുരം: ദളിത് ചിന്തകന്‍ കെ കെ കൊച്ചിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എംപി കെ രാധാകൃഷ്ണന്‍. സമകാലിക വിഷയങ്ങളില്‍ ദളിത് പക്ഷ നിലപാടുകള്‍ വ്യക്തമാക്കിയിരുന്ന ചിന്തകനാണ് കെ കെ കൊച്ചെന്ന് അദ്ദേഹം പറഞ്ഞു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് കൊച്ചേട്ടന്റെ ഓരോ വാക്കുകളും എഴുത്തുകളും പിറന്നതെന്നും എംപി ഫേസ്ബുക്കില്‍ കുറിച്ചു.

പ്രഭാഷകനും സാമൂഹൃ നിരീക്ഷകനുമായിരിക്കെ വിമര്‍ശന സാഹിത്യത്തിലും അദ്ദേഹം പ്രശസ്തനായിരുന്നു. ആദിവാസി- ദളിത് സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. താനുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ദളിത് പ്രസ്ഥാനങ്ങള്‍ക്ക് തീരാ നഷ്ടമാണെന്നും കെ രാധാകൃഷ്ണന്‍ കുറിച്ചു.

ഇന്ന് രാവിലെ 11.20 നായിരുന്നു കെ കെ കൊച്ചിന്റെ അന്ത്യം. കാന്‍സര്‍ രോഗബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്- കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ചിന്തകനാണ് കെ കെ കൊച്ച്. എഴുത്തില്‍ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 2021ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കി. 1986ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 'ദലിതന്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.

Content Highlights: K Radhakrishnan expresses condolences on K K Koch s death

To advertise here,contact us