കണ്ണൂർ സിപിഐഎമ്മിൽ റിയൽ എസ്റ്റേറ്റോ? രക്തസാക്ഷി ഭൂമി വിറ്റ് നേതാക്കൾ കമ്മീഷൻ അടിക്കുന്നുവെന്ന് ആരോപണം

അതേസമയം ആരോപണം നിഷേധിച്ച് സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗത്തിന് സ്ഥലം വില്‍പ്പന നടത്തിയില്ലെന്ന് ഏരിയാ സെക്രട്ടറി പ്രതികരിച്ചു

കണ്ണൂര്‍: മുനയന്‍കുന്ന് രക്തസാക്ഷി സ്മാരക ഭൂമി കച്ചവടം നടത്തിയതില്‍ സിപിഐഎം നേതൃത്വത്തിനെതിരെ ആരോപണം. കണ്ണൂര്‍ പാടിയോട്ടുച്ചാലില്‍ രക്തസാക്ഷി ഭൂമി വിറ്റ് നേതാക്കള്‍ കമ്മീഷന്‍ അടിക്കുന്നുവെന്നാണ് ആരോപണം. എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവ് റഷീദ് ഇബ്രാഹിമിന്റേതാണ് ആരോപണം. പുതിയ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് വേണ്ടിയുള്ള സ്ഥല വില്‍പ്പനയിലാണ് വിവാദം.

ഭൂമി വില്‍പ്പനയുടെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. സെന്റിന് 9.5 ലക്ഷം എന്ന നിലയില്‍ 16 സെന്റ് സ്ഥലം സിപിഐഎം പെരിങ്ങോം ഏരിയ കമ്മറ്റി വില്‍പ്പന നടത്തി. സിപിഐഎം ചെറുപുഴ ലോക്കല്‍ കമ്മിറ്റി അംഗം തന്നെയാണ് സ്ഥലം വാങ്ങിയത്. കരാര്‍ ഉണ്ടാക്കിയതല്ലാതെ പാര്‍ട്ടിക്ക് പണം നല്‍കിയില്ലെന്നും ആരോപണമുണ്ട്.

ഒരു വര്‍ഷത്തിനുശേഷം ഇതേ സ്ഥലം സെന്റിന് 15.5 ലക്ഷത്തിന് ലോക്കല്‍ കമ്മിറ്റി അംഗം മറിച്ചുവിറ്റു. ഈ ഇടപാടില്‍ ഒരു കോടിയിലധികം രൂപ നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ സംരക്ഷിക്കപ്പെടുന്നു എന്നും ആക്ഷേപമുണ്ട്.

അതേസമയം ആരോപണം നിഷേധിച്ച് സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗത്തിന് സ്ഥലം വില്‍പ്പന നടത്തിയില്ലെന്ന് ഏരിയാ സെക്രട്ടറി പ്രതികരിച്ചു. സിപിഐഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തിരുത്തണമെന്ന് പരാമര്‍ശം ഉണ്ടായിരുന്നു. പിന്നാലെയാണ് ആരോപണവുമായി എസ്എഫ്‌ഐ മുന്‍ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Leaders in Kannur are selling martyrs land and are making commission Allegation

To advertise here,contact us