കരുവന്നൂര്‍ കേസ്; കെ രാധാകൃഷ്ണന് വീണ്ടും ഇ ഡി സമന്‍സ്

തിങ്കളാഴ്ച ഡല്‍ഹിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച ഡല്‍ഹിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ലോക്‌സഭാ സമ്മേളനം നടക്കുന്നതിനാലാണ് കെ രാധാകൃഷ്ണനോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നെങ്കിലും കെ രാധാകൃഷ്ണൻ എത്തിയിരുന്നില്ല.പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് കത്തുനൽകിയിരുന്നു. ഇഡി അന്വേഷണത്തിൽ ഭയമില്ലെന്നും കെ രാധാകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. സമൻസിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നും കെ രാധാകൃഷ്ണൻ വിമർശിച്ചിരുന്നു. മൊഴിയെടുക്കാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ ഏത് കേസെന്നില്ല. വ്യക്തിപരമായ സ്വത്തിന്റെ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകാമെന്ന് രേഖാമൂലം അറിയിച്ചതായും കെ രാധാകൃഷ്ണൻ എംപി പറഞ്ഞിരുന്നു.. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡി പറയുന്നത്. ഈ തട്ടിപ്പ് കാലയളവില്‍ കെ രാധാകൃഷ്ണനായിരുന്നു സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഇ ഡിയുടെ നിലപാട്. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇ ഡിയുടെ നീക്കം.

Content Highlights- K Radhakrishnan MP get summons again feom ed on karuvannur case

To advertise here,contact us