കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസ്; പൂർവ വിദ്യാർത്ഥികളിലേക്കും അന്വേഷണം, കൂടുതൽ അറസ്റ്റുണ്ടായേക്കും

കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ചവരെ കുറിച്ചും ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരെ കുറിച്ചുമാണ് പൊലീസ് അന്വേഷിക്കുന്നത്

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടായേക്കും. കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോളേജ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

രണ്ട് കിലോയില്‍ അധികം വരുന്ന കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ചവരെ കുറിച്ചും ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരെ കുറിച്ചുമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആകാശ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വ്യക്തിയാണെന്നും, വില്‍പ്പന ലക്ഷ്യം വച്ചുള്ള കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോയില്‍ അധികം കഞ്ചാവ് കണ്ടെത്തിയത്. കളമശ്ശേരി പൊലീസും ഡാന്‍സാഫ് സംഘവുമാണ് റെയ്ഡ് നടത്തിയത്. ആരോപണ പ്രത്യാരോപണങ്ങളുമായി എസ്എഫ്‌ഐയും കെഎസ്യുവും രംഗത്തുണ്ട്.

Content Highlights: Poly technic college case investigation towards Aluminies

To advertise here,contact us