ശാരീരിക പരിമിതിയുള്ളയാളുടെ സ്ഥലംമാറ്റ അപേക്ഷ മാലിന്യത്തിനൊപ്പം; അപേക്ഷ നല്‍കിയത് മന്ത്രി ആര്‍ ബിന്ദുവിന്

തൃശൂരില്‍ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാന്‍ പരിപാടിയിലാണ് മന്ത്രി ആര്‍ ബിന്ദുവിന് പരാതി നല്‍കിയത്

തൃശ്ശൂര്‍: ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് വേണ്ടി മന്ത്രിക്ക് നേരിട്ട് നല്‍കിയ സ്ഥലം മാറ്റ അപേക്ഷ റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി. തൃശൂര്‍-ഇരിങ്ങാലക്കൂട സംസ്ഥാന പാതയ്ക്ക് സമീപം തിരുവുള്ളക്കാവ് പാറക്കോവില്‍ തള്ളിയ മാലിന്യത്തിലാണ് മന്ത്രി ആര്‍ ബിന്ദുവിന് നല്‍കിയ അപേക്ഷ കണ്ടെത്തിയത്. റോഡില്‍ മാലിന്യം തള്ളിയതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍പ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ചടങ്ങില്‍ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പം അപേക്ഷയും ലഭിച്ചത്.

തൃശൂരില്‍ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാന്‍ പരിപാടിയിലാണ് മന്ത്രി ആര്‍ ബിന്ദുവിന് പരാതി നല്‍കിയത്. രണ്ടു വര്‍ഷമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലം മേഖലാ കാര്യാലയത്തില്‍ ജോയിന്റ് രജിസ്ട്രാറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന് വേണ്ടിയാണ് ചെറൂര്‍ സ്വദേശിയായ ഭാര്യ അപേക്ഷ നല്‍കിയത്.

അപേക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന ഫോണ്‍ നമ്പറിലേക്ക് അധികൃതര്‍ വിളിച്ചപ്പോഴാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നും ഒരുതവണ കൂടി വാട്‌സാപ്പില്‍ അയച്ചുതരാനുമാണ് പറഞ്ഞത്. മാലിന്യം തള്ളിയവര്‍ക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി.

Content Highlights: Job Transfer application given to R Bindhu is in waste basket T Thrissur

To advertise here,contact us