കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവം; ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍

സംഭവം വിവാദമായതിന് പിന്നാലെ സുജന്യയെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചിരുന്നു

ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗമായിരുന്ന സുജന്യ ഗോപിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ സുജന്യയെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചിരുന്നു.

ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തില്‍ കുഴിയില്‍ വീട്ടില്‍ വിനോദ് എബ്രഹാമിന്റെ എടിഎം കാര്‍ഡായിരുന്നു നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ 14ന് രാത്രിയായിരുന്നു സംഭവം. കല്ലിശ്ശരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ട ശേഷം തിരിച്ചുവരുന്ന വഴി പേഴ്‌സ് നഷ്ടപ്പെടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സലീഷ് മോന് പേഴ്‌സ് ലഭിച്ചു. ഈ വിവരം സലീഷ് സുജന്യയെ അറിയിച്ചു. തുടര്‍ന്ന് എടിമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇരുവരും തീരുമാനിച്ചു.

പതിനഞ്ചിന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ ഇരുവരും ബൈക്കിലെത്തി 25,000 രൂപയോളം പിന്‍വലിക്കുകയായിരുന്നു. എടിഎം കാര്‍ഡിനൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു പണം പിന്‍വലിച്ചത്. ഇതിന് പിന്നാലെ ഫോണിലേക്ക് മെസേജുകള്‍ വന്നതോടെ വിനോദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സുജന്യയേയും സലീഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights- Bjp leader sujanya suspended from party over atm fraud case

To advertise here,contact us