കേരളത്തിൽ അഞ്ച് വർഷത്തിനിടെ 102 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു; കണക്ക് അവതരിപ്പിച്ച് കേന്ദ്ര സഹമന്ത്രി

എല്ലാവര്‍ഷവും കേരളത്തില്‍ ഇരുപതിലധികം പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 102 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എല്ലാവര്‍ഷവും കേരളത്തില്‍ ഇരുപതിലധികം പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനകളുടെ ആക്രമണത്തില്‍ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്താകമാനം 2869 പേര്‍ കൊല്ലപ്പെട്ടു. ജോണ്‍ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗാണ് മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 629 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ 23 പേരും കൊല്ലപ്പെട്ടു. എന്നാല്‍ 2021-22 വര്‍ഷത്തിലാണ് കേരളത്തില്‍ കാട്ടാന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കാട്ടാന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട സംസ്ഥാനം ഒഡീഷ(154)യാണ്.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകളും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 378 പേരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെ രണ്ടുപേരെയാണ് കടുവ പിടിച്ചത്. കടുവ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 42 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത്. രാജ്യത്ത് ആകെ 73 പേര്‍ കഴിഞ്ഞ വര്‍ഷം കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

Content Highlights: 102 People killed wild elephant attack in Kerala over 5 years

To advertise here,contact us