'കൊള്ളും എന്നത് ഉറപ്പ്'; തോക്ക് ചൂണ്ടി സന്തോഷ്; രാധാകൃഷ്ണനെ കൊല്ലുന്നതിന് മുന്‍പും ശേഷവും എഫ്ബി പോസ്റ്റ്

കൊല നടത്തുന്നതിന് തൊട്ടുമുന്‍പ് തോക്ക് പിടിച്ചുള്ള ഒരു ചിത്രം സന്തോഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു

കണ്ണൂര്‍: കണ്ണൂര്‍ കൈതപ്രത്ത് 49കാരനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി. കൈതപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണനെ പെരുമ്പടവ് സ്വദേശി സന്തോഷ് ആണ് കൊലപ്പെടുത്തിയത്. കൊല നടത്തുന്നതിന് തൊട്ടുമുന്‍പ് തോക്ക് പിടിച്ചുള്ള ഒരു ചിത്രം സന്തോഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. 4.27 ഓടെയായിരുന്നു ഇയാള്‍ ചിത്രം പങ്കുവെച്ചത്. 'കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നത് ഉറപ്പ്'എന്നായിരുന്നു സന്തോഷ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

കൊലപാതകത്തിന് ശേഷവും സന്തോഷ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. ഈ പോസ്റ്റിന് താഴെ ചിലര്‍ കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ചിത്രം കമന്റായി പങ്കുവെച്ചിട്ടുണ്ട്. തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയ ആളാണ് സന്തോഷ് എന്നാണ് വിവരം.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് വിവരം. രാധാകൃഷ്ണന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വീട്ടില്‍ എത്തി സന്തോഷ് വെടിയുതിര്‍ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രാധാകൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും സന്തോഷിനെ പിടികൂടുകയുമായിരുന്നു.

കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ ഗുഡ്‌സ് ഡ്രൈവറാണ്. വര്‍ഷങ്ങളായി കൈതപ്രത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രാധാകൃഷ്ണന്റെ കുടുംബവും സന്തോഷിന്റെ കുടുംബവും പരിചയക്കാരാണ്. ഇതിന് പുറമേ രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ക്ലാസ്‌മേറ്റ്‌സുമാണ്. നേരത്തെ ഭാര്യയും സന്തോഷുമായുള്ള പരിചയത്തെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നതായി വിവരം പുറത്തുവരുന്നുണ്ട്.

Content Highlights- Man planned to kill 49 years old man in kannur kaithapram

To advertise here,contact us