ഗ്രാമീണ റോഡുകളിൽ നരക യാത്ര; കുത്തിപ്പൊളിച്ച റോഡുകൾ പുനഃസ്ഥാപിക്കാതെ വാട്ടർ അതോറിറ്റി

ജൽ ജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച 9,900 കിലോമീറ്റർ റോഡാണ് തകർന്ന് കിടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമീണ റോഡുകളിൽ പൊതുജനങ്ങൾക്ക് നരക യാത്ര. ജൽ ജീവൻ മിഷൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച 9,900 കിലോമീറ്റർ റോഡുകൾ വാട്ടർ അതോറിറ്റി നന്നാക്കുന്നില്ല. കുടിശ്ശിക കിട്ടാത്തതിനാൽ കരാറുകാർ പണി നിർത്തിപോയതാണ് പ്രതിസന്ധിക്ക് കാരണം.

ജൽ ജീവൻ മിഷൻ പദ്ധതിക്കായി ആകെ 51,000 കിലോമീറ്റർ ഗ്രാമീണ റോഡാണ് കുത്തിപ്പൊളിച്ചത്. ഇതിൽ അറ്റകുറ്റപ്പണി നടത്തിയത് 41,100 കിലോമീറ്റർ റോഡ് മാത്രമാണ്. ബാക്കി 9,900 കിലോമീറ്റർ റോഡുകൾ കുണ്ടും കുഴിയുമായി തകർന്ന് കിടക്കുകയാണ്. 4023 കോടി രൂപയാണ് കരാറുക്കാർക്ക് വാട്ടർ അതോറിറ്റി നൽകാനുള്ള കുടിശ്ശിക. കുടിശ്ശിക മുടങ്ങിയതോടെ റോഡ് കുഴിക്കാനും പുനഃസ്ഥാപിക്കാനും മറ്റു ജോലികൾക്കും കരാർ എടുത്തവർ പണി നിർത്തിവെച്ചിരിക്കുകയാണ്. ഇതാണ് പ്രതിസന്ധിക്ക് കാരണം.

ജൽ ജീവൻ മിഷൻ പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പകുതി വീതം പണം നൽകണമെന്നാണ് വ്യവസ്ഥ. കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വിമർശനം. എന്നാൽ യഥാസമയം സംസ്ഥാന വിഹിതം അനുവദിച്ച് കൂടുതൽ പണം വാങ്ങിയെടുക്കാൻ സർക്കാരിന് കഴിയാതെ പോയെന്നും വിമ‍ർശനമുണ്ട്.

Content Highlights: Water Authority fails to restore damaged rural roads

To advertise here,contact us