ഇ ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് അട്ടിമറി; അകത്തേതറ എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രതിഷേധം

കോളേജ് കവാടത്തിന് അരികെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

പാലക്കാട്: പാലക്കാട് അകത്തേതറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. കോളേജ് ജീവനക്കാര്‍ ചേര്‍ന്ന് എസ്‌സി, എസ്ടി, ഒബിസി വിദ്യാര്‍ത്ഥികളുടെ ഇ- ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് അട്ടിമറിച്ചതിലാണ് പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ 2023-24, 2024-25 അധ്യയന വര്‍ഷങ്ങളിലെ ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് തുകയാണ് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തത്.

സ്‌കോളര്‍ഷിപ്പ് ക്രമക്കേടില്‍ കോളേജിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് എസ്എഫ്‌ഐ ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. അതേസമയം കോളേജ് കവാടത്തിന് അരികെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എസ്എഫ്ഐ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

ക്രമക്കേട് കണ്ടെത്തിയതോടെ കോളേജിലെ സ്‌കോളര്‍ഷിപ്പ് സെക്ഷനിലെ സീനിയര്‍ ക്ലാര്‍ക്കായ കെ സുധീഷ് കുമാറിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ ക്രമക്കേട് നടത്തിയതിനാണ് സസ്‌പെന്‍ഷനെന്ന് വ്യക്തമാക്കുന്ന കോളേജ് അധികൃതരുടെ കത്തും പുറത്തുവന്നിരുന്നു.

Content Highlights: Palakkad college E Grant anomaly SFI conduct protest

To advertise here,contact us