കെഎസ്ഇബി ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; മരണകാരണം ജോലി സമ്മർദ്ദമെന്ന് ബന്ധുക്കളുടെ ആരോപണം

നെടുമങ്ങാട് കൊച്ചാട്ടുകാൽ സ്വദേശി മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരൻ ജീവനൊടുക്കിയത് ജോലി സമ്മർദ്ദം കാരണമെന്ന് ബന്ധുക്കൾ. നെടുമങ്ങാട് കൊച്ചാട്ടുകാൽ സ്വദേശി മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്. ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഷെമീമിന്റെ ജോലിഭാരം കൂട്ടിയിരുന്നെന്ന് പിതാവ് സലാഹുദീൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും ഷെമീമിന് സമാധാനം ഉണ്ടായിരുന്നില്ലെന്നും വകുപ്പിന്റെ അനാസ്ഥ കാരണമാണ് മകൻ ജീവനൊടുക്കിയതെന്നും പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു. തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശിയാണ് ഷെമീം. ഒന്നരമാസം മുമ്പാണ് പ്രൊമോഷനായി ഷെമീം പോത്തൻകോട് എത്തിയത്. കെഎസ്ഇബി ഓഫീസിലെ എ ഇ ആയിരുന്നു ഷെമീം. വീടിന്റെ രണ്ടാം നിലയിലെ ഓഫീസ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: KSEB employee Death due to work pressure

To advertise here,contact us