തൊടുപുഴയിൽ നിന്ന് കാണാതായ ബിജുവിൻ്റെ മൃതദേഹം മാൻഹോളിൽ നിന്നും പുറത്തെത്തിച്ചു; കുറ്റം സമ്മതിച്ച് പ്രതികൾ

കേസിൽ നാല് പ്രതികളാണ് ഉള്ളതെന്ന് ഇടുക്കി എസ് പി അറിയിച്ചു

തൊടുപുഴ: തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിൻ്റെ മൃതദേഹം പുറത്തെത്തിച്ചു. പാര്‍ട്ട്ണര്‍മാര്‍ തമ്മിലുള്ള ഷെയർ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ നാല് പ്രതികളാണ് ഉള്ളതെന്ന് ഇടുക്കി എസ് പി അറിയിച്ചു. ഇതിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരാൾ കാപ്പ കേസ് പ്രകാരം ജയിലിലാണ്. ഇതിലെ പ്രധാന പ്രതിയായ ജോമോൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കൊല്ലപ്പെട്ട ബിജുവിന്റെ ബിസിനസ് പങ്കാളി ആയിരുന്നു ജോമോൻ. ഷെയർ തർക്കം സംബന്ധിച്ച അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് അസ്ലം, ബിബിൻ എന്നിവരെ പൊലീസ് കസ്സറ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കത്തിന്റെ പല പരാതികൾ പല സ്റ്റേഷനുകളിലായി നിലനിൽക്കുന്നുണ്ട്.

ബിജു ജോസഫിനെ വ്യാഴാഴ്ച മുതൽ കാണാനില്ല എന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം പുരോ​ഗമിക്കവെ പൊലീസ് പിടികൂടിയ കാപ്പ കേസ് പ്രതി അടക്കമുള്ള മൂന്നുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് കലയന്താനിയിലെ ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണിൽ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തിയതും അത് ബിജുവിൻ്റേതാണെന്ന് സ്ഥിരീകരിച്ചതും.



Content Highlights- Missing Biju's body found in Thodupuzha, accused confess to crime

To advertise here,contact us