'അങ്ങനെ ഏഷ്യാനെറ്റ്‌ മൊയലാളി അതും വാങ്ങി'; രാജീവ് ചന്ദ്രശേഖറിൻ്റെ ബിജെപി അധ്യക്ഷ സ്ഥാനത്തെ പരിഹസിച്ച് വി വസീഫ്

ഏത് മുതലാളി വന്നാലും ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ലായെന്നും വസീഫ് റിപ്പോർട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാവുന്നതിനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. 'അങ്ങനെ ഏഷ്യാനെറ്റ്‌ മൊയലാളി അതും വാങ്ങി' എന്നായിരുന്നു വി വസീഫിൻ്റെ പരിഹാസം.

ബിജെപി സംഘടനാ കാര്യങ്ങളെ പറ്റി നിശ്ചയമില്ലാത്തയാളാണ് അധ്യക്ഷൻ ആയതെന്നും ഏത് മുതലാളി വന്നാലും ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ലായെന്നും വസീഫ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.

'കേരളത്തിലെ ബിജെപി തമാശയായി മാറുന്നു. പലതും പരീക്ഷിച്ച് നോക്കുകയാണ് ബിജെപി. പക്ഷെ രക്ഷപ്പെടാൻ പോകുന്നില്ല. സംഘടന കാര്യങ്ങളിൽ നിശ്ചയമില്ലാത്തയാളാണ് ബിജെപിയുടെ അധ്യക്ഷൻ ആവുന്നത്. ഏഷ്യാനെറ്റ് വാങ്ങിയത് പോലെ ബിജെപിയും രാജീവ് ചന്ദ്രശേഖർ വാങ്ങിയതായാണ് തോന്നുന്നത്. ആര് വന്നാലും ആ‌ർഎസ്എസിൻ്റെ രാഷ്ട്രീയം അവർ ഒളിച്ച് കടത്തും. കൂടുതൽ വർ​ഗീയത പറയാൻ പറ്റുന്ന, മാധ്യമ രം​ഗത്ത് ഇടപ്പെടാൻ കഴിയുന്ന ഒരാളെ ബിജെപി കൊണ്ടുവന്നതായിരിക്കും. പക്ഷെ ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ല. അത് ഏത് മുതലാളി വന്നാലും മാറാൻ പോകുന്നില്ല.' വി വസീഫ് റിപ്പോർട്ടറിനോട് പറഞ്ഞു.

അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്.

രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.

Content Highlights- 'So Asianet owner bought it too': V vaseef mocks Rajeev Chandrasekhar's presidency

To advertise here,contact us