ഗോവന്‍ യുവതിയെ മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍

മദ്യലഹരിയില്‍ പ്രതി നടത്തിയ കാര്‍ ചേസിങാണ് അപകടത്തില്‍ കലാശിച്ചത്

കൊച്ചി: ഗോവന്‍ യുവതിയെ മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചാലക്കുടി സ്വദേശി യാസിറിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികനുമായുള്ള ചെയിസിങ്ങിനിടെയായിരുന്നു അപകടം. മദ്യലഹരിയില്‍ പ്രതി നടത്തിയ കാര്‍ ചേസിങാണ് അപകടത്തില്‍ കലാശിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ എസ്എ റോഡില്‍ കടവന്ത്ര മെട്രോ സ്റ്റേഷന് എതിര്‍വശത്തായിരുന്നു സംഭവം. ഓള്‍ഡ് ഗോവ സ്വദേശി എസ്‌തേവാം ഫെറോവിന്റെ ഭാര്യ ജയ്‌സെല്‍ ഗോമസിനാ(35)ണ് പരിക്കേറ്റത്. പള്ളിമുക്ക് ഭാഗത്തുനിന്ന് കടവന്ത്രയിലേക്ക് ബൈക്ക് യാത്രികനെ ചേസ് ചെയ്ത് എത്തുകയായിരുന്നു യാസിര്‍.

പള്ളിമുക്ക് സിഗ്‌നലില്‍ ബൈക്ക് യാത്രികന്‍ സൈഡ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രകോപിതനായ യാസിര്‍ ചേസ് ചെയ്ത് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുന്‍സീറ്റില്‍ യാസിറും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. പിന്നിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.

ബൈക്കിനെ പിന്തുടര്‍ന്ന് കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്തെ കലുങ്കിന് സമീപമെത്തിയപ്പോള്‍ യാസിര്‍ റോഡിനു കുറുകെ കാര്‍ വെട്ടിത്തിരിച്ച് ബൈക്ക് യാത്രികനെ തട്ടിവീഴ്ത്തുകയും ചെയ്തു. ഇതോടെ, നിയന്ത്രണം വിട്ട കാര്‍ സമീപത്തു കൂടി നടന്നു പോവുകയായിരുന്ന ജയ്‌സെലിനെ കലുങ്കിന്റെ കൈവരിയിലേക്കു ചേര്‍ത്ത് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും യാസിറും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.

Content Highlights: Goan woman hit and killed by drunk car Suspect arrested

To advertise here,contact us