മേഘ അവസാനം വിളിച്ചത് ആരെ?; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് മേഘയെ ഇടിച്ചത്

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്നലെയാണ് റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംഭവിക്കുന്ന തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ.

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് ഇടിച്ചത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

അപകടത്തിൽ മേഘയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നിരുന്നു. ഇനി സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ ഒരു മാസം മുൻപാണ് അവസാനമായി മേഘ നാട്ടിലെത്തിയത്.

Content Highlights :Who did Megha call last? Mystery grows in IB officer's death

To advertise here,contact us