തൃശ്ശൂര്: കൊടകര കുഴല്പ്പണക്കേസ് കുറ്റപത്രത്തെ സംബന്ധിച്ച് റിപ്പോര്ട്ടറിനോട് പ്രതികരിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കവര്ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര് ചെയ്തതെന്നും അതില് സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥര് പറഞ്ഞു. പിഎംഎല്എ നിയമപ്രകാരമാണ് ഇ ഡി പ്രവര്ത്തിക്കുന്നത്. അതില് പറയുന്നതെല്ലാം അന്വേഷിച്ചെന്നും ഇ ഡി വ്യക്തമാക്കി.
കവര്ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള് വാങ്ങാന് ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില് ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര് വ്യക്തമാക്കി.
എന്നാല് പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് ഇ ഡിയുടെ പരിധിയില് വരുന്നതല്ലെന്നും ആദായ നികുതി വകുപ്പാണ് അന്വേഷിക്കേണ്ടതെന്നും ഇ ഡി വ്യക്തമാക്കി. കവര്ച്ച നടന്നതിന് ശേഷം പണം കള്ളപ്പണമായി വെളുപ്പിച്ചോ എന്നതാണ് തങ്ങളുടെ പരിധിയില് വരുന്നതെന്നും ഇ ഡി പറഞ്ഞു. പൊലീസിന്റെ റിപ്പോര്ട്ടില് ആരോപണങ്ങള് സാധൂകരിക്കുന്ന തെളിവുകള് ഹാജരാക്കിയിട്ടില്ലെന്നും തെളിവുകള് ഇല്ലെന്നും പൊലീസ് പറഞ്ഞു.
ധര്മരാജിന്റെ മൊഴിയാണ് നിര്ണായകമായി മാറിയതെന്നും ഇ ഡി ഉദ്യോഗസ്ഥര് വ്യക്തമാക്കി. ധര്മരാജ് തന്നെ ഉറവിടം സംബന്ധിച്ച മൊഴി നല്കിയിട്ടുണ്ട്. ബിസിനസിന് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് മൊഴില് നിന്ന് വ്യക്തമാണെന്നും ഇ ഡി പറയുന്നു.
കഴിഞ്ഞ ദിവസം കൊടകര കുഴല്പ്പണക്കേസില് പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം തള്ളി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്പ്പിച്ചിരുന്നു. ബിജെപിയുടെ പണമെന്നതിന് തെളിവില്ലെന്നും കുറ്റപത്രത്തില് പറഞ്ഞു. കലൂര് പിഎംഎല്എ കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്. കേസില് തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.
2021ല് നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്കായി കര്ണാടകയില് നിന്ന് കേരളത്തില് എത്തിച്ച പണം മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില് മൂന്നിനായിരുന്നു സംഭവം. തൃശൂരില് നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില് പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. സംഭവത്തില് ദുരൂഹത തോന്നിയതിനാല് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില് 23 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: Kodakara case E D says IT department is responsible for investigation of source of money