'ചരിത്ര നിമിഷം, ലോകത്ത് എവിടെയും കാണാൻ കഴിയാത്ത പുനരധിവാസ പ്രവ‌ർത്തനത്തിൻ്റെ ലോകമാതൃകയായി കേരളം'; കെ രാജൻ

ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും ഒരു ദുരന്ത ബാധിതരരേയും ഒറ്റപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു

കൽപറ്റ: ലോകത്ത് എവിടെയും കാണാൻ കഴിയാത്ത പുനരധിവാസ പ്രവ‌ർത്തനത്തിൻ്റെ ലോക മാത്യകയിലേക്ക് കടക്കുകയാണ് കേരളമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിൻ്റെ തറക്കല്ലിടൽ ചടങ്ങിനിടയിലെ പ്രസംഗത്തിനിടയിലായിരുന്നു മന്ത്രിയുടെ പരാമർശം. ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും ഒരു ദുരന്ത ബാധിതരരേയും ഒറ്റപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തിൽപ്പെട്ട 298 മനുഷ്യർ ഇന്ന് നമുക്കൊപ്പം ഇല്ല. അവരെ തിരിച്ച് കൊണ്ടു വരാൻ കഴിയില്ല. എന്നാൽ അതൊഴിച്ച് ചൂരൽമലയ്ക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നൽകാൻ പോവുകയാണ്. ടൗൺഷിപ്പെന്ന മുഖ്യമന്ത്രിയുടെ സ്വപനം സഫലീകരിക്കാൻ ഒറ്റക്കെട്ടായി എല്ലാവരും നിൽക്കുന്നു. 1038 കുടുംബങ്ങൾ ഉൾപ്പെടുന്ന മൈക്രോ പ്ലാനായുള്ള ഭൂമി വേഗത്തിൽ കണ്ടെത്താനായി. ചൂരൽ മലയിലെ മനുഷ്യർക്ക് നഷ്ടപ്പെട്ടത് എല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. രക്ഷക‍ർത്താകൾ നഷ്ടപ്പെട്ട 21 കുട്ടികളുടെ 25 വയസ് വരെയുള്ള വിദ്യാഭ്യാസത്തിൻ്റെ ചുമതല സർക്കാർ ഏറ്റെടുക്കുമെന്നും അവസാനത്തെ ദുരന്ത ബാധിതനെ വരെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്. ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുത്തു. 26.56 കോടി രൂപ സർക്കാർ ഹൈക്കോടതിയിൽ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കിയത്. ഡിസംബറോടെ വീട് നിർമ്മാണം പൂർത്തിയാക്കാനാണ് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ തീരുമാനം.

സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ 7 സെൻ്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടിയിൽ ഒറ്റ നിലയായി ക്ലസ്റ്ററുകൾ തിരിച്ചാണ് വീടുകൾ നിർമിക്കുക. വീടുകൾക്കൊപ്പം പൊതു സ്ഥാപനങ്ങൾ പ്രത്യേക കെട്ടിടങ്ങൾ, റോഡ്, അനുബന്ധ സ്ഥാപനങ്ങൾ, വ്യാപാര- വാണിജ്യ സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കും. ടൗൺഷിപ്പിൻ്റെ ഭാഗമായി ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്യൂണിറ്റി സെൻ്റർ എന്നിവ നിർമിക്കും. സംഘടനകളും സ്പോൺസർമാരും വീടുവച്ച് നൽകുന്നവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും.

Content Highlights-'Historic moment, Kerala as a world model of rehabilitation work that cannot be seen anywhere else in the world'; K Rajan

To advertise here,contact us